സിഡ്നി- മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ തന്റെ ബാഗിൽ സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ പാകിസ്ഥാൻ വംശജനെ ഓസ്ട്രേലിയൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മുഹമ്മദ് ആരിഫ് (45) എന്ന പ്രതി മുൻ പാകിസ്ഥാൻ മോഡലും നടനുമാണ്.
2002-ൽ പ്രശസ്ത പാക്കിസ്ഥാൻ ഗായകൻ അബ്രാറുൽ ഹഖിന്റെ 'പ്രീതോ' എന്ന ഗാനത്തിന് വേണ്ടി മ്യൂസിക് വീഡിയോയിൽ മുഹമ്മദ് ആരിഫ് പ്രത്യക്ഷപ്പെട്ടിരുന്നു. 2002 മുതൽ 2016 വരെ ഇയാൾ പാക്കിസ്ഥാനിൽ ആർക്കിടെക്റ്റായി ജോലി ചെയ്തിരുന്നതായും ലിങ്ക്ഡിൻ പ്രൊഫൈൽ പറയുന്നു. സിഡ്‌നിയിൽ നിന്ന് ക്വാലാലംപൂരിലേക്കുള്ള മലേഷ്യൻ എയർലൈൻസ് വിമാനത്തിലാണ് സ്‌ഫോടകവസ്തുക്കൾ ഉണ്ടെന്ന് അവകാശപ്പെട്ടത്.
വിമാനത്തിന്റെ ഇടനാഴിയിൽ എഴുന്നേറ്റു നിന്ന് അല്ലാഹുവിന്റെ അടിമ ആണെന്ന് പറഞ്ഞ് ഇയാൾ സംസാരിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. മറ്റൊരു വീഡിയോയിൽ വിമാനത്തിന്റെ ഇടനാഴിയിൽ പ്രാർത്ഥന പായയിൽ പ്രാർത്ഥിക്കുന്നതും കാണാം.