ഭോപ്പാൽ- മധ്യപ്രദേശിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി. രത്ലം ജില്ലയിൽ നിയമിതയായ ദീപിക കോത്താരി, ലിംഗമാറ്റത്തിന് അനുമതി നേടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ കോൺസ്റ്റബിളാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് രജോറ പറഞ്ഞു.
ദീപികയ്ക്ക് ലിംഗ വ്യക്തിത്വ വൈകല്യമുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലിംഗമാറ്റത്തിന് അനുമതി നൽകിയതെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി. സർക്കാർ ജീവനക്കാർക്ക് ലിംഗമാറ്റം അനുവദിക്കുന്നതിന് നിലവിൽ വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും ഉത്തരവിൽ പറയുന്നു. ഈ കേസിൽ നിയമ വകുപ്പിന്റെ അഭിപ്രായം തേടിയും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.
ലിംഗമാറ്റത്തിന് ശേഷം വനിതാ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. 2021ൽ ആർതി യാദവ് എന്ന മറ്റൊരു വനിതാ കോൺസ്റ്റബിളും സമാനമായ അനുമതി നേടിയിരുന്നതായി അധികൃതർ വ്യക്തമാക്കി.