സാന്‍ഫ്രാന്‍സിസ്‌കോ- ഭവനരഹിതരും മയക്കുമരുന്നിന് അടിമപ്പെട്ടവരും തെമ്മാടികളും തെരുവുകള്‍ അടക്കിവാഴുന്ന സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് അധികാരികളെ ബോധിപ്പിക്കാന്‍ പത്രത്തില്‍ ഫുള്‍പേജ് പരസ്യം കൊടുത്ത് പ്രമുഖ വ്യാപാരി.
സാന്‍ഫ്രാന്‍സിസ്‌കോ നഗരം മാന്യമായി ജീവിക്കാനും വ്യാപാരം നടത്താനും കഴിയാത്ത വിധത്തില്‍ മോശപ്പെട്ടതായി മാറിയെന്നാണ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ സാന്‍ഫ്രാന്‍സിസ്‌കോ ലക്ഷ്വറി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറായ ഗംപിന്റെ ഉടമ അധികൃതരെ അറിയിക്കാന്‍ ശ്രമിച്ചത്. ഇതിനായി അദ്ദേഹം ഞായറാഴ്ച സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കി.
നഗരത്തെയും സംസ്ഥാന നേതാക്കളെയും മുഴുവന്‍ പേജ് പരസ്യത്തില്‍ അപലപിക്കുന്ന പരസ്യത്തില്‍ ഭരണാധികാരികളുടെ നയവൈകല്യങ്ങള്‍ മൂലമാണ് ഈ ദുരവസ്ഥയുണ്ടായതെന്നും സംസ്‌കാരമുള്ള പെരുമാറ്റങ്ങളോട് അവര്‍ പുലര്‍ത്തുന്ന നികൃഷ്ടമായ അവഗണനയാണ് കാണാനാവുന്നതെന്നും കുറ്റപ്പെടുത്തുന്നു.
സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് നഗരത്തില്‍ മാത്രം 7,754-ലധികം ഭവനരഹിതര്‍ ഉണ്ടെന്നും അവരില്‍ ഏകദേശം 4,400 പേര്‍ തെരുവുകളിലോ ടെന്റിലോ വാഹനത്തിലോ ആണ് 2022-ല്‍ ഉറങ്ങുന്നത് എന്നുമാണ്.