ഹൈദരാബാദ്- പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റ് എ. രേവന്ത് റെഡ്ഡിക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പരാതിയിൽ മഹബൂബ്‌നഗർ ജില്ലയിലെ ഭൂത്പൂർ, ജഡ്‌ചെർല എന്നിവിടങ്ങളിലും നാഗർകുർണൂലിലും പോലീസ് രേവന്ത് റെഡ്ഢിക്കെതിരെ കേസെടുത്തു.
പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് രേവന്ത് റെഡ്ഡിക്കെതിരെ നാഗർകുർണൂൽ ജില്ലാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഗുണവർദ്ധൻ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം രേവന്ത് റെഡ്ഡിക്കും മറ്റ് രണ്ട് കോൺഗ്രസ് നേതാക്കളായ വംശിചന്ദ് റെഡ്ഡി, സമ്പത്ത് കുമാർ എന്നിവർക്കുമെതിരെ നാഗർകുർണൂൽ പോലീസ് സ്റ്റേഷനിൽ കേസെടുത്തു.
തിങ്കളാഴ്ച നടന്ന യോഗത്തിൽ വെച്ചാണ് ടിപിസിസി അധ്യക്ഷൻ മഹബൂബ് നഗർ പോലീസിന് മുന്നറിയിപ്പ് നൽകിയത്. കോൺഗ്രസ് സർക്കാർ രൂപീകരിച്ച് 100 ദിവസം പിന്നിടുന്നതിനുമുമ്പ് നടപടിയെടുക്കുമെന്നാണ് അദ്ദേഹം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയത്
ചില പോലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ ഡയറിയിൽ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, അടുത്ത സർക്കാർ പലിശ സഹിതം അവർക്ക് തിരികെ നൽകുമെന്നും പറഞ്ഞിരുന്നു. കോൺഗ്രസ് ആസ്ഥാനമായ ഗാന്ധിഭവനിൽ മഹബൂബ് നഗർ ജില്ലയിലെ ചില നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാർലമെന്റ് അംഗം കൂടിയായ രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോലീസ് ഓഫീസർമാരുടെ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. ഇത് പോലീസ് സേനയുടെ മനോവീര്യത്തെ ബാധിക്കുമെന്ന് സൂര്യപേട്ടയിലെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കോൺഗ്രസ് നേതാവിന്റെ പരാമർശത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു.
തന്റെ പരാമർശത്തിൽ രേവന്ത് റെഡ്ഡി മാപ്പ് പറയണമെന്ന് അസോസിയേഷൻ പ്രസിഡന്റ് രാമചന്ദ്ര ഗൗഡ് ആവശ്യപ്പെട്ടു. അധികാരത്തിലിരിക്കുന്ന പാർട്ടി പരിഗണിക്കാതെ, രാജ്യത്തെ നിയമപ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥർ അവരുടെ ചുമതലകൾ നിർവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ ബിആർഎസ് നേതാവ് ദസോജു ശ്രവൺ രൂക്ഷമായി പ്രതികരിച്ചു.ടിപിസിസി മേധാവി മാനസിക രോഗിയാണെന്ന് അദ്ദേഹം പറഞ്ഞു.