ജയ്പൂർ- മിസോറം തലസ്ഥാനമായ ഐസ്വാളിൽ 1966ൽ ബോംബ് വർഷിച്ചതിനാണ് അന്തരിച്ച രാജേഷ് പൈലറ്റിന് പ്രതിഫലം ലഭിച്ചതെന്ന ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ ട്വീറ്റിനെതിരെ സച്ചിൻ പൈലറ്റ്. 1966 മാർച്ച് അഞ്ചിന് മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽ ബോംബ് വർഷിച്ച ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങളിൽ രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയുമാണ് ഉണ്ടായിരുന്നതെന്നും പിന്നീട് ഇരുവരും കോൺഗ്രസ് എംപിമാരും മന്ത്രിമാരുമായെന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്വന്തം ആളുകൾക്ക് നേരെ വ്യോമാക്രമണം നടത്തിയവർക്ക് രാഷ്ട്രീയത്തിൽ ഇടം നൽകിയത് ഇന്ദിരാഗാന്ധിയാണെന്ന് വ്യക്തമാണെന്ന് മാളവ്യ പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറഞ്ഞു.
മാളവ്യയുടെ ആരോപണത്തോട് രൂക്ഷമായാണ് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് പ്രതികരിച്ചത്. നിങ്ങൾക്ക് തെറ്റായ തീയതികളുണ്ട്, തെറ്റായ വസ്തുതകളുണ്ട്. ഇന്ത്യൻ എയർഫോഴ്സ് പൈലറ്റ് എന്ന നിലയിൽ അന്തരിച്ച പിതാവ് ബോംബുകൾ വർഷിച്ചു. പക്ഷേ അത് 1971ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് കിഴക്കൻ പാക്കിസ്ഥാനിലായിരുന്നു, നിങ്ങൾ പറയുന്നതുപോലെ 1966 മാർച്ച് 5 ന് മിസോറാമിൽ അല്ല. പിതാവ് വ്യോമസേനയിൽ ചേർന്നതിൻറെ സർട്ടിഫിക്കറ്റും സച്ചിൻ പൈലറ്റ് പോസ്റ്റ് ചെയ്തു. 1966 ഒക്ടോബർ 29 ന് മാത്രമാണ് പിതാവ്ഇ ന്ത്യൻ വ്യോമസേനയിൽ കമ്മീഷൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസം, പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭയെ അഭിസംബോധന ചെയ്താണ് ഐസ്വാൾ ബോംബിംഗ് വിഷയം ഉന്നയിച്ചത്. 1966 മാർച്ച് 5 ന് മിസോറാമിലെ നിസ്സഹായരായ പൗരന്മാർക്ക് നേരെ കോൺഗ്രസ് ഭരണത്തിൽ വ്യോമസേന ആക്രമണം നടത്തി. മറ്റേതെങ്കിലും രാജ്യത്തിന്റെ വ്യോമസേനയായിരുന്നെങ്കിൽ കോൺഗ്രസ് ഉത്തരം പറയണം. മിസോറാമിലെ ജനങ്ങൾ എന്റെ രാജ്യത്തെ പൗരന്മാരായിരുന്നില്ലേ? അവരുടെ സുരക്ഷ ഇന്ത്യാ ഗവൺമെന്റിന്റെ ഉത്തരവാദിത്തമല്ലേ?-മോഡി ചോദിച്ചു.
പ്രധാനമന്ത്രി മോഡിയോട് പ്രതികരിച്ച കോൺഗ്രസ് രാജ്യസഭാ എംപി ജയറാം രമേശ് അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ന്യായീകരിച്ചു, പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും പിന്തുണ നേടിയ വിഘടനവാദ ശക്തികളെ നേരിടാൻ 1966 മാർച്ചിൽ ഇന്ദിരാഗാന്ധി മിസോറാമിൽ എടുത്ത അസാധാരണമായ കടുത്ത തീരുമാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനം ദയനീയമാണെന്ന് ജയറാം രമേശ് പറഞ്ഞു.