ഫരീദാബാദ്- ഹരിയാനയിലെ നൂഹ് ജില്ലയിൽ വർഗീയ കലാപം സൃഷ്ടിച്ചതിന്റെ പേരിൽ കേസെടുക്കപ്പെട്ട സ്വയം പ്രഖ്യാപിത പശു സംരക്ഷകനും ഗോ രക്ഷാ ബജ്‌റംഗ് ഫോഴ്‌സ് തലവനുമായബിട്ടു ബജ്‌രംഗി എന്ന രാജ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ജൂലൈ 31 ന് നുഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വർഗീയ കലാപവുമായി ബന്ധപ്പെട്ട് 230 പേരെ നുഹ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 79 പേരെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു.
നുഹ് സദർ പോലീസ് സ്റ്റേഷനിൽ എഎസ്പി ഉഷാ കുന്ദു നൽകിയ പരാതിയെ തുടർന്നാണ് ബിട്ടു ബജ്‌രംഗിക്കെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്തത്. ആയുധ നിയമം ഉൾപ്പെടെയുള്ള ഐപിസി സെക് ഷൻ 148, 149, 332, 353, 186, 395, 397, 506 വകുപ്പുകൾ പ്രകാരമാണ് ബിട്ടു ബജ്‌രംഗിക്കെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ നൂഹിൽ ഘോഷയാത്രയുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് മുസ്ലീം സമുദായത്തിനെതിരെ പ്രകോപനപരമായ വീഡിയോകൾ പുറത്തുവിട്ട് വർഗീയ സംഘർഷത്തിന് പ്രേരിപ്പിച്ചതിന് ഫരീദാബാദിലെ ദബുവ പോലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് ഒന്നിന് ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. യാത്ര തുടരുന്നതിന് മുമ്പ് മുസ്ലീം സമുദായത്തിനെതിരെ പ്രകോപനപരമായ വീഡിയോകൾ പുറത്തുവിട്ട് വർഗീയ സംഘർഷത്തിന് പ്രേരിപ്പിച്ചതായി എഫ്‌ഐആറിൽ പറയുന്നു.