Sorry, you need to enable JavaScript to visit this website.

വൈദേശികാധിപത്യത്തിനെതിരായ പോരാട്ടത്തിൽ വയനാടിന്റേത് വലിയ സംഭാവന- മന്ത്രി എ.കെ. ശശീന്ദ്രൻ

കൽപറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ വയനാട് ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ, ജില്ലാ കലക്ടർ ഡോ.രേണു രാജ്, ജില്ലാ പോലീസ് മേധാവി പദം സിംഗ് തുടങ്ങിയ ദേശീയപതാകയെ  വന്ദിക്കുന്നു.

കൽപറ്റ- വൈദേശികാധിപത്യത്തിനെതിരായ പോരാട്ടത്തിൽ  വയനാടിന്റേത് വലിയ സംഭാവനയാണെന്ന്
വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രൻ. എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ  ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തിന്റെ ഏടുകളിൽ  വയനാടിന്റെ ഒളിമങ്ങാത്ത  ഓർമയാണ് വീര കേരളവർമ പഴശ്ശിരാജാ. വിദേശ ആധിപത്യത്തിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ജനങ്ങളിൽ എക്കാലവും ആവേശം പകരുന്നതാണ്.  മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള ജനകീയ മുന്നേറ്റങ്ങൾക്ക് ഊർജം പകരുന്നതാണ് സ്വാതന്ത്ര്യത്തിന്റെ  പൊൻപുലരി നേടിത്തന്ന ധീരദേശാഭിമാനികളെക്കുറിച്ചുള്ള  ജ്വലിക്കുന്ന ഓർമകൾ.  ജാതിക്കും മതത്തിനും ഭാഷയ്ക്കും അതീതമായി നൂറ്റാണ്ടോളം പൊരുതി
നേടിയ സ്വാതന്ത്ര്യത്തിന്റെ മധുരം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ ഇന്ത്യക്കാരനുമുണ്ട്. നാടിന്റെ വൈവിധ്യങ്ങളെ ഏകോപിപ്പിച്ച് ഒരു ജനതയായി ചിന്തിക്കാൻ കഴിയുന്നുണ്ടോയെന്ന് ഓരോ പൗരനും ആലോചിക്കണം. രാജ്യത്ത്  മതേതരത്വം തകർക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം. ഭരണഘടന അനുശാസിക്കുന്ന സമത്വവും സ്വാതന്ത്ര്യവും പൂർണ  അർത്ഥത്തിൽ  നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏവരും പങ്കാളികളാകണം.
വിദ്യാഭ്യാസമാണ് നാടിന്റെ പുരോഗതിയുടെ താക്കോൽ. ശക്തവും പ്രബുദ്ധവുമായ ഇന്ത്യയുടെ അടിത്തറ ക്ലാസ് മുറികളിലാണ്.  വിദ്യാഭ്യാസമേഖലയിൽ  വലിയ മുന്നേറ്റമാണ്  സംസ്ഥാനത്ത് ഉണ്ടായത്.
കേരളത്തിന്റെ ആരോഗ്യമേഖല ലോകത്തിനുതന്നെ മാതൃകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ  നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ലഹരിക്കെതിരെ  സുശക്തവും പഴുതുകൾ ഇല്ലാത്തതുമായ പ്രതിരോധം സർക്കാർ തീർക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പോലീസ്, എക്‌സൈസ്, വനം, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എസ്.പി.സി, എൻ.സി.സി വിഭാഗങ്ങളിലേതായി 30 പ്ലറ്റൂണുകൾ  പരേഡിൽ അണിനിരന്നു.  മാർച്ച്പാസ്റ്റിൽ സേനാ വിഭാഗത്തിൽ പോലീസ് ഡി.എച്ച്.ക്യൂ പ്ലറ്റൂൺ ഒന്നാം സ്ഥാനവും എക്‌സൈസ് രണ്ടാം സ്ഥാനവും നേടി. എൻ.സി.സി വിഭാഗത്തിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജ് ഒന്നാം സ്ഥാനവും കൽപറ്റ എൻ.എം.എസ്.എം ഗവ.കോളേജ് രണ്ടാം സ്ഥാനവും നേടി. എസ്.പി.സി വിഭാഗത്തിൽ കണിയാമ്പറ്റ ജി.എം.ആർ.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. സ്‌കൗട്‌സ്  ആൻഡ് ഗൈഡ്‌സ് വിഭാഗത്തിൽ കൽപറ്റ ഡി പോൾ പബ്ലിക് സ്‌കൂളും എൻ.എസ്.എസ്.എച്ച്.എസ്.എസ്.എസും യഥാക്രമം ഒന്ന്, രണ്ട് സ്ഥാനം നേടി.
2022ലെ സായുധസേനാ പതാകദിന ഫണ്ടിലേക്ക് ഏറ്റവും കൂടുതൽ തുക സമാഹരിച്ച  ജോയിന്റ് രജിസ്ട്രാർ ഓഫീസ്, കൽപറ്റ കോ ഓപ്പറേറ്റീവ് സൊസൈറ്റി, സുൽത്താൻബത്തേരി ഗവ.സർവജന ഹൈസ്‌കൂൾ എന്നിവയ്ക്കുള്ള ട്രോഫി വിതരണം ചെയ്തു.  ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ  ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നശാമുക്ത് ഭാരത് അഭിയാൻ ജില്ലാതല പ്രഖ്യാപനം ജില്ലാ കലക്ടർ ഡോ.രേണു രാജ്  നിർവഹിച്ചു.
കണിയാമ്പറ്റ ചിൽഡ്രൻസ് ഹോം,എസ്.കെ.എം.ജെ.എച്ച്.എസ്.എസ്, മാനന്തവാടി ബി.ആർ.സി, കണിയാമ്പറ്റ ജി.എം.ആർ.എസ് വിദ്യാർഥികൾ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചു. മുന്നൂറോളം പേർ അണിനിരന്ന മെഗാ തിരുവാതിരകളി ആഘോഷത്തിനു മാറ്റുകൂട്ടി.
എം.എൽ.എമാരായ അഡ്വ.ടി.സിദ്ദീഖ്, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, ജില്ലാ പോലീസ് മേധാവി പദം സിംഗ്, നഗരസഭാ ചെയർമാൻ മുജീബ് കേയെംതൊടി, എ.ഡി.എം എൻ.ഐ.ഷാജു, സിനിമാനടൻ അബു സലിം, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ  ആഘോഷത്തിൽ പങ്കെടുത്തു.

Latest News