ന്യൂദല്‍ഹി- സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകനും സാമൂഹിക പ്രവര്‍ത്തകനുമായ ബിന്ദേശ്വര്‍ പഥക് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ നിര്യാതനായി. മനുഷ്യാവകാശങ്ങള്‍, പരിസ്ഥിതി ശുചിത്വം, മാലിന്യ സംസ്‌കരണം, വിദ്യാഭ്യാസത്തിലൂടെയുള്ള പരിഷ്‌കരണങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള സാമൂഹിക സേവന സംഘടനയായ സുലഭ് ഇന്റര്‍നാഷണലിന്റെ സ്ഥാപകനാണ് 80കാരനായ അദ്ദേഹം.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ പഥക് ദേശീയ പതാക ഉയര്‍ത്തിയെന്നും തൊട്ടുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും സഹായി പറഞ്ഞു.
ദല്‍ഹി എയിംസില്‍ എത്തിച്ചെങ്കിലും ഉച്ചക്ക് ഒന്നേമുക്കാലോടെ മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം.
ബീഹാറിലെ വൈശാലി ജില്ലയിലെ രാംപൂര്‍ ബാഗേല്‍ ഗ്രാമത്തില്‍ ബ്രാഹ്മണ കുടുംബത്തില്‍ രമാകാന്ത് പഥകിന്റേയും യോഗമായ ദേവിയുടേയും മകനായാണ് ഡോ. ബിന്ദേശ്വര്‍ പഥക് ജനിച്ചത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം അധ്യാപകനായി പ്രവര്‍ത്തിച്ച അദ്ദേഹം പട്‌നയിലെ ഗാന്ധി ശതാബ്ദി കമ്മിറ്റിയില്‍ സന്നദ്ധ പ്രവര്‍ത്തകനായി ചേര്‍ന്നിരുന്നു.