വാഷിംഗ്ടൺ- യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നാലാമത്തെ സെറ്റ് ക്രിമിനൽ കുറ്റം ചുമത്തി. 2020 ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് ജോ ബൈഡനോടുള്ള തോൽവിയെ മറികടക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ജോർജിയ ഗ്രാൻഡ് ജൂറിയാണ് പുതിയ കുറ്റപത്രം പുറപ്പെടുവിച്ചത്.
ഇതോടെ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനുള്ള മത്സരത്തിൽ മുൻനിരയിലുള്ള ട്രംപ് നേരിടുന്ന നിയമപരമായ പ്രശ്‌നങ്ങൾ വർധിച്ചിരിക്കയാണ്. ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഫാനി വില്ലിസ് ഉന്നയിച്ച ആരോപണങ്ങളിലാണ് കുറ്റപത്രം. ,
98 പേജുള്ള കുറ്റപത്രത്തിൽ 19 പ്രതികളേയും 41 ക്രിമിനൽ കേസുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ പ്രതികൾക്കെതിരെയും റാക്കറ്റിംഗ് കുറ്റം ചുമത്തിയിട്ടുണ്ട്. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ട്രംപിന്റെ മുൻ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ്, അഭിഭാഷകരായ റൂഡി ഗ്യുലിയാനി, ജോൺ ഈസ്റ്റ്മാൻ എന്നിവരും പ്രതികളിൽ ഉൾപ്പെടുന്നു.
ട്രംപും കുറ്റാരോപിതരായ മറ്റ് പ്രതികളും ട്രംപ് തോറ്റത് അംഗീകരിക്കാൻ വിസമ്മതിച്ചുവെന്നും തെരഞ്ഞെടുപ്പ് ഫലം മനഃപൂർവ്വം ട്രംപിന് അനുകൂലമായി മാറ്റാനുള്ള ഗൂഢാലോചനയിൽ പങ്കുചേർന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
2021 ജനുവരി രണ്ടിന് ജോർജിയയിലെ ഉയർന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ബ്രാഡ് റാഫെൻസ്‌പെർഗറിനോട്, സംസ്ഥാനത്ത് തനിക്ക് നേരിട്ട ചെറിയ തോൽവി മാറ്റാൻ ആവശ്യമായ വോട്ടുകൾ കണ്ടെത്താൻ ട്രംപ് ആവശ്യപ്പെട്ട ഫോൺ കോളിൽ നിന്നാണ് കേസിന്റെ തുടക്കം. കൃത്രിമം നടത്താൻ റാഫെൻസ്‌പെർഗർ വിസമ്മതിച്ചു. ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്തുന്നതിൽ നിന്ന് നിയമനിർമ്മാതാക്കളെ തടയാനുള്ള ശ്രമത്തിൽ നാല് ദിവസത്തിന് ശേഷം ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോൾ ആക്രമിച്ചു.
ട്രംപോ കൂട്ടാളികളോ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന നിരവധി കുറ്റകൃത്യങ്ങൾ കുറ്റപത്രത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. തെഞ്ഞെടുപ്പ് തട്ടിപ്പ് നടന്നതായി നിയമനിർമ്മാതാക്കളോട് തെറ്റായി സാക്ഷ്യപ്പെടുത്താൻ ആവശ്യപ്പെടുകയും തഞ്ഞെടുപ്പ് ഫലങ്ങളിൽ മാറ്റം വരുത്തി സത്യപ്രതിജ്ഞാ ലംഘനത്തിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുകയും ചെയ്തു.