Sorry, you need to enable JavaScript to visit this website.

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം : അന്വേഷണ റിപ്പോര്‍ട്ട് തള്ളിയതിനെതിരെ പോലീസ് അപ്പീല്‍ നല്‍കി

കോഴിക്കോട് - പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിയതിനെതിരെ സംസ്ഥാന അപ്പീല്‍ അതോറിറ്റിക്ക് പൊലീസ് അപ്പീല്‍ നല്‍കി. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത് തള്ളിക്കൊണ്ട് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുത്തു. ഇതിനെതിരെയാണ് പോലീസ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്ന് കണ്ടെത്തിയത്. 2017 ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ചെടുത്ത എം ആര്‍ ഐ സ്‌കാനില്‍ ഹര്‍ഷിനയുടെ ശരീരത്തില്‍ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. മെഡിക്കല്‍ കോളേജിലെ മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ മൂന്നാമത്തെ പ്രസവത്തിലാണ് ഹര്‍ഷിനയുടെ ശരീരത്തില്‍ കത്രിക കുടുങ്ങിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഡി എം ഒയ്ക്ക് കൈമാറിയിരുന്നു. തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും പോലീസ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതും പോലീസിന്റെ കണ്ടെത്തല്‍ തള്ളിയതും. 2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയ നടന്നതിന് മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തോളം ഹര്‍ഷിനയ്ക്ക് കഠിന വേദന അനുഭവിക്കേണ്ടി വന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ കത്രിക കുത്തി നില്‍ക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ഷിന കഴിഞ്ഞ കുറേ മാസങ്ങളായി സമരരംഗത്താണ്.

 

Latest News