ശ്രീനഗര്‍- ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഖയ്‌മോ ഗ്രാമത്തിലെ വീട്ടില്‍ നിന്നും വെള്ളിയാഴ്ച രാത്രി അജ്ഞാത തോക്കുധാരി തട്ടിക്കൊണ്ടു പോയ ജമ്മു കശ്മീര്‍ പോലീസ് കോണ്‍സ്റ്റബ്ഌനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുഹമ്മദ് സാലിം ഷായാണ് കൊല്ലപ്പെട്ടത്. റെഡ്വാനി പയീന്‍ ഗ്രാമത്തിലെ ഒരു നഴ്‌സറിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ദേഹമാസകലം മുറിവേല്‍പ്പിച്ച പാടുകളുണ്ട്. ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് ഭീകരര്‍ കൊല ചെയ്തതെന്നു വ്യക്തമാണെന്നും പോലീസ് പറഞ്ഞു. ഈ കൊലപാതകത്തിനു പിന്നില്‍ ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദിത്തമേറ്റ് ആരും രംഗത്തെത്തിയിട്ടില്ല.
സ്‌പെഷ്യല്‍ പോലീസ് ഓഫീസറായി ജോലി ചെയ്തു വരികയായിരുന്ന സാലിം ഷായ്ക്ക് ഈയിടെയാണ് കോണ്‍സ്റ്റബിളായി സ്ഥാനം കയറ്റം ലഭിച്ചത്. ജമ്മുവിലെ കഠുവയില്‍ പരിശീലനത്തിലായിരുന്ന സാലി ഷാ അവധിക്ക് കുല്‍ഗാമിലെ വീട്ടിലെത്തിയതായിരുന്നു. ഈ വര്‍ഷം ജമ്മു കശമീരില്‍ കൊല്ലപ്പെടുന്ന 25-ാം പോലീസ് ഓഫീസറാണ് സാലിം ഷാ. ഇവരിലേറെയും കൊല്ലപ്പെട്ടത് ദക്ഷിണ കശ്മീരിലായിരുന്നു.
ഈ മാസം ആദ്യം ഷോപ്പിയാനിലെ വെഹിലില്‍ നിന്നും ജാവീദ് അഹ്മദ് ധര്‍ എന്ന പോലീസ് കോണ്‍സ്റ്റബഌനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. ഈദ് അവധിക്ക് ഷോപ്പിയാനിലെ വീട്ടിലെത്തിയ ഇന്ത്യന്‍ ആര്‍മി ജവാന്‍ ഔറംഗസേബിനെ കഴിഞ്ഞ മാസമാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി വധിച്ചത്.