ന്യൂദൽഹി- ടെലിവിഷൻ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്നും ടിവി ചാനലുകളുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ ചാനലുകളെ നിയന്ത്രിക്കുന്നതിന് പുറപ്പെടുവിച്ച സ്വയം നിയന്ത്രണ സംവിധാനം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി പാർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റക്കാരായ ചാനലുകൾക്ക് ചുമത്തുന്ന ഒരു ലക്ഷം രൂപ പിഴ ചെറിയതാണെന്നും ഇത് ചാനലിന്റെ വരുമാനത്തിന് അനുസൃതമാക്കണമെന്നും ബഞ്ച് വ്യക്തമാക്കി. ദൃശ്യമാധ്യമങ്ങൾ സ്വയം നിയന്ത്രിക്കാത്തതിനെതിരേ ബോംബെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ബഞ്ച്. ടിവി ചാനലുകൾ സ്വയം നിയന്ത്രണം പാലിക്കുന്നുവെന്ന് നിങ്ങൾ പറയുന്നു. എന്നാൽ കോടതിയിൽ എത്രപേർ ഇതിനോട് യോജിക്കുമെന്ന് തനിക്കറിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. അതേസമയം, ചാനലുകൾക്ക് സെൻസറിംഗ് ഏർപ്പെടുത്താൻ കഴിയില്ലെന്ന അസോസിയേഷന്റെ വാദം ബഞ്ച് അംഗീകരിച്ചു. എന്നാൽ ചാനലുകൾ സ്വയം നിയന്ത്രണം പാലിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു വ്യക്തമാക്കി. ഒരു കൊലപാതകം നടന്നാൽ ചാനലുകൾ അന്വേഷണം നടത്താനിറങ്ങും. ചട്ടങ്ങൾ ശക്തമാക്കാതെ ചാനലുകൾ അനുസരിക്കാൻ പോകുന്നില്ല. വലിയ വരുമാനമുള്ള ചാനലുകൾക്ക് ഒരു ലക്ഷം പിഴ ചുമത്തിയതുകൊണ്ട് എന്താണ് കാര്യമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ചട്ടക്കൂട് ശക്തിപ്പെടുത്തും. ബോംബെ ഹൈക്കോടതി വിധിയിൽ തങ്ങൾ മാറ്റങ്ങൾ വരുത്തും. എന്നാൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു.മാർഗരേഖ സംബന്ധിച്ച നിർദേശങ്ങൾ വിരമിച്ച ജഡ്ജിമാരായ എ.കെ സിക്‌റി, ആർ.വി രവീന്ദ്രൻ എന്നിവരിൽ നിന്ന് ആരായാൻ അസോസിയേഷൻ അഭിഭാഷകൻ അരവിന്ദ് ദത്താറിനോട് സുപ്രിംകോടതി നിർദേശിച്ചു. ഈ നിർദേശങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിക്കണം. കേന്ദ്ര സർക്കാർ നിലപാട് സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.