Sorry, you need to enable JavaScript to visit this website.

മാവോസംഘത്തിൽ പ്രദേശവാസികളും; അന്വേഷണം ഊർജിതമാക്കി

കണ്ണൂർ-ആറളം പഞ്ചായത്തിലെ  കീഴ്പ്പള്ളി വിയറ്റ്‌നാമിൽ  എത്തിയ 11 അംഗ മാവേവാദി സംഘത്തിൽ തദ്ദേശവാസികളായ യുവാക്കൾ കൂടി ഉൾപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പ്രശ്‌നം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. മാവോയിസ്റ്റ് സംഘത്തിലെ ഒൻപതു പേരെ മാവോവാദി വിരുദ്ധ സേന തിരിച്ചിറിഞ്ഞു. ഇവർക്കെതിരെ യു.എ.പി.എ പ്രകാരം ആറളം പോലീസ് കേസെടുത്തു. ആയുധങ്ങളുമായി സംഘടിച്ചതിനും മാവോയിസ്റ്റ് ആശയം പ്രചരിപ്പിച്ചതിനുമാണ്  ഇവർക്കെതിരേ  ആയുധ നിയമ പ്രകാരവും യു.എ.പി.എ പ്രകാരവും ആറളം പോലീസ് കേസെടുത്തത്. സംഘത്തിൽ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു സ്ത്രീ ഉൾപ്പെടെ  രണ്ട് പേരെ തിരിച്ചറിയാനുള്ള ശ്രമം നടത്തി വരികയാണ്. 
നേരത്തെ ഈ മേഖലയിൽ എത്തിയ  സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള  അഞ്ചംഗ സംഘത്തേയും പുതുതായി സംഘത്തിൽ എത്തിയ ആറുപേരിൽ അന്ധ്ര സ്വദേശിനി കവിത, വിക്രംഗൗഡ, മനോജ്, സുരേഷ് എന്നിവരേയുമാണ് തിരിച്ചറിഞ്ഞത്. സംഘത്തിലെ മറ്റ് രണ്ട് പേരെ  തിരിച്ചറിയുന്നതിനായി വിയറ്റ്‌നാം ടൗണിലെ കടയുടമയിൽ നിന്നും മറ്റും പോലീസ് വിവര ശേഖരണം നടത്തി. യന്ത്രത്തോക്ക് ഉൾപ്പെടെ  സംഘത്തിലെ എല്ലാവരുടെ കൈയിലും തോക്കുകൾ ഉണ്ടായിരുന്നു. സംഘത്തിൽ ഒമ്പത് പേർ മാത്രമെ ഉണ്ടായിരുന്നുള്ളു എന്ന നിഗമനത്തിലാണ് മാവോവാദി വിരുദ്ധ സേന.
എന്നാൽ പ്രദേശവാസികൾ 11 പേർ സംഘത്തിൽ ഉണ്ടായിരുന്നതായുള്ള വെളിപ്പെടുത്തൽ പോലീസ് വിശദമായി പരിശോധിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഘം ടൗണിൽ എത്തിയത്. അരമണിക്കൂറോളം ടൗണിൽ ചിലവിഴിച്ചു. ടൗണിലെ അബ്ദുൾ റഹ്‌മാന്റെ കടയിൽ സാധനം വാങ്ങാനെത്തിയ സംഘത്തിൽ നിന്നും കടയുടമയ്ക്ക് കൈ കൊടുത്ത് ഞാനാണ് സി.പി. മൊയ്തീനെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. സംഘത്തിൽ ഉണ്ടായിരുന്നവർ എല്ലാം മഴക്കോട്ട് അണിഞ്ഞിരുന്നു. സി.പി.ഐ മാവേയിസ്റ്റ് കബനി എറിയാ സമിതി എന്നെഴുതി പോസ്റ്ററുകൾ  നഗരത്തിൽ വ്യാപകമായി പതിപ്പിച്ച് കടയിൽ നിന്നും 1000 രൂപയുടെ സാധനവും വാങ്ങിയാണ് സംഘം മടങ്ങിയത്. 
ആറളം ഫാം തൊഴിലാളികൾ അടിമകളല്ല, ഫാമിന്റെ ഉടമകളാണ്, ആറളം ഫാം ആദിവാസികളുടേത്, ആറളം ഫാം പിടിച്ചെടുക്കാൻ എല്ലാവരും ഒന്നിക്കുക എന്നിവയാണ് പോസ്റ്ററുകളിൽ ഉള്ളത്. ഈ രീതിയിൽ പതിച്ച പോസ്റ്ററുകൾ പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഫാമിലെ ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത് അവർക്കിടയിലേക്ക് നുഴഞ്ഞു കയറാനുള്ള സാധ്യതയും അന്വോഷണ സംഘം പരിശോധിക്കുന്നുണ്ട്. 
സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോൾ മാവോവാദികൾ ടൗണിൽനിന്നും 500 മീറ്റർ അകലെയുള്ള വനമേഖലയോട് ചേർന്ന ഒരു വീട്ടിൽ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പോലീസിന് ഈ വിവരം അറിയാമായിരുന്നെങ്കിലും കുടുംബത്തിന്റെ സുരക്ഷിതത്വം പരിഗണിച്ച് അങ്ങോട്ട് കയറിയില്ലെന്നാണ് അറിയുന്നത്. ഇരിട്ടി എ.എസ്.പി തപോഷ് ബസുമതാരി, ആറളം എസ്.ഐ ശ്രീജേഷ്  എന്നിവരുടെ നേതൃത്വത്തിൽ തണ്ടർ ബോൾട്ട് ഉൾപ്പെടെയുള്ള സംഘം  മേഖലയിൽ വ്യാപക പരിശോധന നടത്തി.
                

Latest News