റിയാദ് - സൗദിയില്‍ പക്ഷി വിപണികളില്‍ നടത്തിയ പരിശോധനകളില്‍ റിയാദ് അസീസിയ പക്ഷി മാര്‍ക്കറ്റില്‍ ഒരു പക്ഷിപ്പനി കേസ് കണ്ടെത്തിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. താറാവുകള്‍ക്കിടയിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്. ഉടന്‍ തന്നെ സുരക്ഷാ വകുപ്പുകളുമായും നഗരസഭയുമായും ആരോഗ്യ വകുപ്പുമായും ധനമന്ത്രാലയവുമായും ചേര്‍ന്ന് അസീസിയ പക്ഷി മാര്‍ക്കറ്റ് അടപ്പിക്കുകയും പക്ഷികളെ സുരക്ഷിതമായി നശിപ്പിക്കുകയും ചെയ്തു. മൂന്നു മാസത്തെ ഇടവേളക്കു ശേഷമാണ് രാജ്യത്ത് പുതിയ പക്ഷിപ്പനി കേസ് കണ്ടെത്തുന്നത്.
നേരത്തെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സൗദിയില്‍ പക്ഷിപ്പനി വ്യാപനം തടയുന്നതില്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വിജയിച്ചിരുന്നു. പക്ഷിപ്പനി മനുഷ്യര്‍ക്ക് ബാധിച്ചതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പക്ഷിപ്പനി വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പക്ഷി നീക്കം നിയന്ത്രിക്കുകയും പൗള്‍ട്രി ഫാമുകള്‍ അടക്കമുള്ള പക്ഷി പദ്ധതികളില്‍ ജൈവ സുരക്ഷാ നടപടികള്‍ ബാധകമാക്കുകയും പക്ഷിപ്പനി പ്രത്യക്ഷപ്പെട്ട പ്രദേശങ്ങളിലെ പക്ഷികളെ സുരക്ഷിതമായി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു മുമ്പ് ഏറ്റവും ഒടുവില്‍ 2018 ഏപ്രില്‍ 17 ന് ആണ് സൗദിയില്‍ പക്ഷിപ്പനി കേസ് റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ പക്ഷികളിലേക്ക് രോഗം പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്, ശുദ്ധീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ പക്ഷി ഉടമകളും പൗള്‍ട്രി ഫാമുകളുമായി ബന്ധമുള്ളവരും അസീസിയ പക്ഷി മാര്‍ക്കറ്റിലേക്ക് പോകരുത്. പക്ഷികള്‍ക്കിടയില്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന രോഗമാണിതെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.