മോഡിയുടെ വെറുപ്പിനെ സ്‌നേഹം കൊണ്ട് നേരിടുമെന്ന് രാഹുല്‍

ന്യൂദല്‍ഹി- ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗം വെറുപ്പും വിദ്വേഷവും ഭയവും രോഷവും ഉപയോഗപ്പെടുത്തുന്ന പ്രധാനമന്ത്രി മോഡിയെ സ്‌നേഹവും അനുകമ്പയും കൊണ്ട് നേരിടാനുള്ള ശ്രമമായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഭയില്‍ ബിജെപിയേയും മോഡിയേയും വിമര്‍ശിച്ച് നടത്തിയ കിടിലന്‍ പ്രസംഗത്തിനു ശേഷം രാഹുല്‍ മോഡിയെ അദ്ദേഹത്തിന്റെ ഇരിപ്പിടിത്തില്‍ ചെന്ന് ആശ്ലേഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. തന്റെ ഭാഗം വിശദീകരിക്കാന്‍ പ്രധാനമന്ത്രി ചിലരുടെ മനസ്സിലെ വിദ്വേഷവും ഭയവും രോഷവുമാണ് ഉപയോഗിക്കുന്നത്. എല്ലാ ഇന്ത്യക്കാരുടേയും ഹൃദയങ്ങളിലെ സ്‌നേഹവും അനുകമ്പയും മാത്രമാണ് രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഒരേ ഒരു വഴിയെന്ന് ഞങ്ങള്‍ തെളിയിക്കാന്‍ പോകുകയാണ്-രാഹുല്‍ ട്വീറ്റ് ചെയ്തു. 

പൊള്ളവാദങ്ങള്‍ കൊണ്ടുള്ള മിന്നലാക്രമണമെന്നു വിശേഷിപ്പിച്ച് മോഡിയുടെ പൊള്ള വാഗ്ദാനങ്ങള്‍ രാഹുല്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അക്കമിട്ടു നിരത്തി വിമര്‍ശിച്ചിരുന്നു. ഇതു മോഡിയേയും ചൊടിപ്പിച്ചിരുന്നു.
 

Latest News