കോട്ടയം - പുതുപ്പള്ളിയിൽ മിത്ത് വിവാദത്തിനില്ലെങ്കിലും സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്നതിൽ മാറ്റമില്ലെന്ന് എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.
പുതുപ്പള്ളിയിൽ ഗണപതി പരാമർശം ഉന്നയിക്കാൻ എൻ.എസ്.എസ് ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ സമദൂര നിലപാടാണ് സംഘടനയുടേതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഷയങ്ങൾ ജനങ്ങളിലൂടെ ചർച്ച ചെയ്യാനാണ് എൻ.എസ്.എസ് ആഗ്രഹിക്കുന്നത്. സർക്കാരുകളുടെ തെറ്റ് തെറ്റെന്ന് പറയും, ശരി ശരിയെന്നും പറയും. ഇതാണ് സംഘടനയുടെ രീതി. മിത്ത് വിവാദത്തിൽ സ്പീക്കർ മാപ്പ് പറയണമെന്നതിൽ മാറ്റമില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
എന്നാൽ എൻ.എസ്.എസിനോട് പിണക്കമില്ലെന്നും അവരുടെ സമദൂര നിലപാടിൽ വിശ്വാസമില്ലെന്നും സമുദായ നേതാക്കളെ കാണുന്നത് സാമാന്യ മര്യാദയാണെന്നും അത് തിണ്ണ നിരങ്ങലല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.