വാഷിങ്ടണ്‍- ഇന്ത്യ കേന്ദ്രീകരിച്ച് കോടികളുടെ കോള്‍ സെന്റര്‍ തട്ടിപ്പു നടത്തിയ കേസില്‍ 21 ഇന്ത്യന്‍ വംശജരെ യുഎസ് കോടതി 20 വര്‍ഷം വരെ തടവിനു ശിക്ഷിച്ചു. കോള്‍ സെന്റര്‍ തട്ടിപ്പിലൂടെ ആയിരക്കണക്കിന് യുഎസ് പൗരന്മാരില്‍ നിന്ന് കോടിക്കണക്കിന് ഡോളറാണ് ഇവര്‍ തട്ടിയത്. 21 പ്രതികളില്‍ നാലു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചവരുണ്ട്. തടവു ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരില്‍ പലരേയും ഇന്ത്യയിലേക്ക് നാടു കടത്താനും കോടതി ഉത്തരവിട്ടു.
ഗുജറാത്തിലെ അഹമദാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച കോള്‍ സെന്ററുകള്‍ വഴി ഈ തട്ടിപ്പുകാര്‍ യുഎസ് പൗരന്മാരേയും നിയമപരമായി കുടിയേറിയവരേയും വിളിച്ച് യുഎസ് അധികൃതരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. യുഎസ് നികുതി വകുപ്പില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പ് അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും നിയമ നടപടി എടുക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവര്‍ സാധാരണക്കാരായ പൗരന്മാരില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ തട്ടിയത്. കുടിശ്ശിക വരുത്തിയ തുക തങ്ങള്‍ നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അടക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്.
ഇതേ കേസില്‍ തന്നെ ടെക്‌സസ് ഫെഡറല്‍ കോടതി നേരത്തെ മൂന്ന് പേരെ ശിക്ഷിച്ചിരുന്നു. ഇതോടെ കോള്‍ സെന്റര്‍ തട്ടിപ്പു കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 24 ആയി. ഇവരില്‍ ഇന്ത്യക്കാര്‍ക്കു പുറമെ അമേരിക്കയില്‍ സ്ഥിരതാമസാനുമതിയുള്ള ഇന്ത്യന്‍ വംശജരും ഉള്‍പ്പെടും.