Sorry, you need to enable JavaScript to visit this website.

പശുക്കടത്ത് ആരോപിച്ച് ആല്‍വാറില്‍ വീണ്ടും മുസ്ലിം യുവാവിനെ മര്‍ദിച്ചു കൊന്നു

ആല്‍വാര്‍- രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകളടങ്ങുന്ന ആള്‍ക്കൂട്ടം മറ്റൊരു മുസ്ലിം യുവാവിനെ കൂടി മര്‍ദിച്ചു കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന അസ്ലം എന്ന യുവാവിന് പരിക്കേറ്റു. ഹരിയാന സ്വദേശി 28കാരനായ അക്ബര്‍ ഖാനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആല്‍വാര്‍ ജില്ലയിലെ റാംഗഡിലൂടെ പശുക്കളുമായി നടന്നു പോകുന്നതിനിടെയാണ് യുവാക്കള്‍ ആക്രമത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒരു കൂട്ടം ഗ്രാമീണര്‍ യുവാക്കളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തിനിടെ അസ്ലം ഓടി രക്ഷപ്പെട്ടു. ഇവരുടെ പക്കലുണ്ടായുരന്ന രണ്ടു പശുക്കളെ ഗോശാലയിലാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അക്ബര്‍ ഖാന്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു. ഹരിയാനയിലെ കൊലഗാവ് സ്വദേശിയാണ്. ഇവര്‍ പശുക്കടത്തുകാരാണോ എന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം ഇവര്‍ പരമ്പരാഗത ക്ഷീര കര്‍ഷകരാണെന്നും റിപ്പോര്‍ട്ടുണ്ട്. കുറ്റവാളികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ അറിയിച്ചിട്ടുണ്ട്. 

ആള്‍ക്കൂട്ട മര്‍ദനം തടയുന്നതിന് പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടു വരണമെന്നു സുപ്രീം കോടതി ശക്തമായി ആവശ്യപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് വീണ്ടും ആള്‍ക്കൂട്ട  കൊലപാതകം അരങ്ങേറിയിരിക്കുന്നത്. ഇത്തരം ഗുണ്ടകള്‍ക്കെതിര സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിയമം കയ്യിലെടുത്ത് അരാജകത്വമുണ്ടാക്കുന്നത് സംസ്ഥാനങ്ങള്‍ തടയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഹരിയാന സ്വദേശിയായ ക്ഷീരകര്‍ഷകന്‍ പെഹ്‌ലുഖാന്‍ എന്ന മധ്യവയസക്കനെ ആല്‍വാറില്‍ ഗോരക്ഷാ ഗുണ്ടകള്‍ പശുക്കടത്ത് ആരോപിച്ച് പട്ടാപ്പകള്‍ റോഡില്‍ തടഞ്ഞ് മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു.

Latest News