കോഴിക്കോട്- ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പരാതിക്കാരിയായ കോഴിക്കോട് സ്വദേശി ഹര്‍ഷിന സഹായം തേടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നേരിട്ടുകണ്ടു. താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധി ശ്രദ്ധയോടെ കേട്ടതായും വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കാമെന്ന് അദ്ദേഹം അറിയിച്ചതായും ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേതാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും മെഡിക്കല്‍ ബോര്‍ഡ് ആ റിപ്പോര്‍ട്ട് തള്ളിയിരുന്നു. ഇക്കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും അപ്പീല്‍ അനുവദിച്ചാലും ഇല്ലെങ്കിലും പോലീസിന്റെ റിപ്പോര്‍ട്ടുമായി കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഹര്‍ഷിന പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നീതിപൂര്‍വമായ ഒരു നടപടി ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു. വീഴ്ച വരുത്തിയവരെ കണ്ടെത്തണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തനിക്ക് ലഭ്യമാക്കണമെന്നും അവര്‍ പറഞ്ഞു.