Sorry, you need to enable JavaScript to visit this website.

പുതിയ 100 രൂപാ നോട്ട് എ.ടി.എമ്മില്‍ നിറയ്ക്കാന്‍ ചെലവ് 100 കോടി

മുംബൈ- റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ നൂറു രൂപാ നോട്ട് രാജ്യത്തെ 2.4 ലക്ഷം എ.ടി.എമ്മുകളില്‍ നിറയ്ക്കണമെങ്കില്‍ 100 കോടി രൂപയിലേറെ അധിക ചെലവ് വരുമെന്ന് ഏജന്‍സികള്‍. നിലവിലെ 100 രൂപാ നോട്ടിനെ അപേക്ഷിച്ച് ചെറിയ നോട്ടാണ് പുതിയ 100 രൂപ. ഈ വലിപ്പത്തിനനുസരിച്ച് എ.ടി.എമ്മുകളിലെ നോട്ടു തട്ട് പുനര്‍ക്രമീകരിക്കേണ്ടതുണ്ട്. ഈ റീകാലിബ്രേഷന്‍ പ്രക്രിയയ്ക്കു വേണ്ടി വരുന്ന ചെലവ് നൂറു കോടിയോളം വരുമെന്നാണ് എ.ടി.എം പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്.  പുതിയ വലിപ്പത്തില്‍ ഇറക്കിയ 200 രൂപാ നോട്ടുകള്‍ക്കു വേണ്ടി എ.ടി.എമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്യുന്ന നടപടികള്‍ ഏതാണ്ട് അവസാനിക്കാറായപ്പോഴാണ് പുതിയ 100 രുപാ നോട്ടുകളുടെ വരവ്. ഇത് ഇരട്ടി ജോലി ഉണ്ടാക്കിയിരിക്കുകയാണെന്നും ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു. ഒരേ സമയം പഴയ 100 രൂപാ നോട്ടും പുതിയ 100 രൂപാ നോട്ടും എ.ടി.എമ്മുകളില്‍ ലഭ്യമാക്കുന്നത് ഒരു വെല്ലുവിളിയായിരിക്കും.

പുതിയ 100 രൂപാ നോട്ടിനു വേണ്ടി 2.4 ലക്ഷം എ.ടി.എമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്യാന്‍ ഒരു വര്‍ഷത്തോളം സമയവും 100 കോടി രൂപയിലേറെ ചെലവും വരുമെന്ന് ഹിറ്റാചി പേമെന്റ് സര്‍വീസസ് എം.ഡി ലോണി ആന്റണി പറയുന്നു. പുതിയ നോട്ട് അവതരിപ്പിച്ചത് അഭിമാനകരമാണെങ്കിലും വലിപ്പത്തിലെ മാറ്റം കാരണം എടിഎമ്മുകള്‍ വഴിയുള്ള വിതരണം പ്രയാസമായിരിക്കുമെന്ന് യുറോനെറ്റ് സര്‍വീസസ് മേധാവി ഹിമാന്‍ഷു പൂജാര പറഞ്ഞു. എ.ടി.എം മേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഈ അധിക ചെലവ് വലിയ വെല്ലുവിളിയായിരിക്കുമെന്ന് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. 

ഇളം നീല നിറത്തിലുള്ള പുതിയ നോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് അവതരിപ്പിച്ചത്. പഴയ നോട്ടുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
 

Latest News