Sorry, you need to enable JavaScript to visit this website.

മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

ന്യൂദൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കെട്ടിപ്പിടിച്ചും രൂക്ഷ വിമർശനങ്ങളാൽ കേന്ദ്ര സർക്കാരിനെ ശ്വാസം മുട്ടിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്‌സഭയിൽ  പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ ചർച്ചക്കിടെ ഭരണപക്ഷം ഉയർത്തിയ ബഹളങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി മോഡിക്കരികിലേക്കു നടന്നു ചെന്ന് രാഹുൽ ഗാന്ധി ആലിംഗനം ചെയ്തത്.
കാർഷിക പ്രശ്‌നങ്ങൾ, തൊഴിലില്ലായ്മ, റഫാൽ വിമാന ഇടപാട്, വനിത സുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധി മോഡി സർക്കാരിനെ ആക്രമിച്ചത്.
പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും എതിരേ രാഹുൽ നടത്തിയ കടന്നാക്രമണങ്ങളിൽ ഭരണപക്ഷം ഇളകിയതോടെ ഇടയ്ക്ക് സഭ നിർത്തി വെക്കേണ്ടിയും വന്നു. രാഹുൽ സർക്കാരിനെതിരേ ആഞ്ഞടിക്കുന്നതിനിടെ പലതവണ ഭരണ, പ്രതിപക്ഷ വാക്‌പോരും സഭയിൽ നടന്നു. സിപിഎമ്മും തൃണമൂൽ കോൺഗ്രസും പ്രതിരോധത്തിൽ കോൺഗ്രസിനൊപ്പം ഉറച്ചു നിന്നു.
നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ അമിത്ഷാ എന്നിവരെയും പേരെടുത്തു പറഞ്ഞും ആർഎസ്എസിന് നേരെ വിരൽ ചൂണ്ടിയുമായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ. 
പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും ഏറെ വ്യത്യസ്തരായ രാഷ്ട്രീയക്കാരാണ്. അവർ കോൺഗ്രസിനെ പോലെയല്ല. ജയിക്കുമ്പോഴോ പരാജയപ്പെടുമ്പോഴോ നമ്മൾ അതിനെ അംഗീകരിക്കുന്നു. എന്നാൽ, മോഡിക്കും അമിത്ഷായ്ക്കും അധികാരം നഷ്ടപ്പെടുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയില്ല. അവർ അധികാരം നഷ്ടപ്പെടുന്നതിൽ വല്ലാതെ ഭയക്കുന്നു. ആ ഭയം വിദ്വേഷമായി മാറുന്നു. രാജ്യം ഇന്ന് ആ വിദ്വേഷത്തിന്റെ ഇരയായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന്റെ കാവൽക്കാരനാണെന്നാണ് സ്വയം പറയുന്നത്. എന്നാൽ മോഡി തട്ടിപ്പു നടത്തി രാജ്യം വിടുന്ന വൻ വ്യവസായികൾക്കൊപ്പമാണെന്നും രാഹുൽ തുറന്നടിച്ചു. ആൾക്കൂട്ടങ്ങളുടെ ആക്രമണത്തിൽ ജനങ്ങൾ കൊല്ലപ്പെടുകയും വനിതകൾ ആക്രമിക്കപ്പെടുമ്പോഴും മോഡി മൗനം പാലിക്കുന്നു.
ജീവിതത്തെക്കുറിച്ചും ഒരു ഹിന്ദു എന്നാൽ എങ്ങനെ ആയിരിക്കണമെന്നും നിങ്ങളാണ് എനിക്കു മനസിലാക്കി തന്നത്. അതിന് പ്രത്യേക നന്ദിയുണ്ട്. നിങ്ങൾ എന്നെ പപ്പു എന്നും മറ്റും വിളിച്ച് പലതരത്തിൽ ആക്ഷേപിക്കുന്നതായി അറിയാം. പക്ഷേ, എനിക്ക് നിങ്ങളോടൊരു ദേഷ്യവുമില്ല.' രാഹുൽ ഇത്രയും പറഞ്ഞപ്പോഴേക്കും മോഡി തന്റെ ഇരിപ്പിടത്തിൽ തലതാഴ്ത്തി ഇരുന്ന് കുലുങ്ങിച്ചിരിക്കുന്നത് കാണാമായിരുന്നു. അടുത്ത നിമിഷമാണ് രാഹുൽ പ്രതിപക്ഷ നിരയിൽ നിന്നിറങ്ങി നടുത്തളത്തിലേക്ക് കടന്ന് ഭരണപക്ഷ നിരയിൽ ചെന്ന് മോഡിയുടെ അടുത്തേക്ക് ചെന്നത്. 
അടുത്തു വരുന്ന രാഹുലിനെ നോക്കി ഇരുകൈകളും കൊണ്ട് എന്താണെന്ന് ആംഗ്യം കാട്ടി മോഡി അമ്പരന്നിരുന്നു. അടുത്ത് ചെന്ന രാഹുൽ കുനിഞ്ഞ് മോഡിയെ ഇരുകൈകളും കൊണ്ട് ആലിംഗനം ചെയ്തു. ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് ആലോചിച്ച് അമ്പരന്നിരുന്ന മോഡി തിരിഞ്ഞു നടന്ന രാഹുലിനെ കൈകാട്ടി തനിക്കരികിലേക്കു വിളിച്ച് കൈ കൊടുത്തു വിട്ടു. തിരിച്ച് തന്റെ സീറ്റിലെത്തി പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന് നിർമല സീതാരാമൻ സംസാരിച്ചു തുടങ്ങിയിരുന്നു. അതിനിടെ രാഹുൽ അടുത്തിരുന്ന ജ്യോതിരാധിത്യ സിന്ധ്യയെ നോക്കി ചിരിച്ചു കണ്ണിറുക്കി. 
രാഹുലിന്റെ കെട്ടിപ്പിടുത്തത്തിൽ അമ്പരന്ന സ്പീക്കർ സുമിത്ര മഹാജൻ കണ്ണിറുക്കി കാട്ടിയത് ശരിയായില്ലെന്നൊരു താക്കീത് കൊടുക്കാൻ മറന്നുമില്ല. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിരോധ മന്ത്രിയും രാജ്യത്തോട് കള്ളം പറഞ്ഞുവെന്നാണ് രാഹുൽ പറഞ്ഞത്. രാജ്യസുരക്ഷയുടെ പേരിൽ രഹസ്യ കരാർ വെളിപ്പെടുത്താനാകില്ലെന്നാണ് നിർമല സീതാരാമൻ പറഞ്ഞത്. 
എന്നാൽ, താൻ ഫ്രഞ്ച് പ്രസിഡന്റിനെ നേരിൽ കണ്ടു ചോദിച്ചപ്പോൾ ഇന്ത്യയുമായി അങ്ങനെ ഒരു കരാർ തന്നെ ഇല്ലെന്നാണ് പറഞ്ഞത്. മോഡിക്ക് അടുത്ത ബന്ധമുള്ള ഒരു വ്യവസായിക്കാണ് റഫാൽ കരാർ നൽകിയത്. എന്തു കൊണ്ടാണ് ഇത് ഹാലിൽ നിന്ന് എടുത്തു മാറ്റിയത്. സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണോ ഈ തീരുമാനം എടുത്തതെന്ന് മോഡി സഭയിൽ വ്യക്തമാക്കണം- രാഹുൽ പറഞ്ഞു.    
കള്ളം പ്രചരിപ്പിക്കുക എന്നതാണ് ഈ സർക്കാരിന്റെ രാഷ്ട്രീയ ആയുധം. 15 ലക്ഷം രൂപ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നു പറഞ്ഞാണ് ഈ കള്ള പ്രചാരണത്തിന് തുടക്കം കുറിച്ചത്. പിന്നെ രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ അവസരം ഉണ്ടാക്കുമെന്നു പറഞ്ഞു പറ്റിച്ചു. കള്ളപ്പണം തടയുന്നതിനായി മോഡി രാത്രി എട്ടു മണിക്ക് നോട്ട് നിരോധിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും പോക്കറ്റ് കൊള്ളയടിക്കുന്നതിന് തുല്യമായ നടപടിയായിരുന്നു അത്. രാജ്യത്തെ സാമ്പത്തിക നേട്ടങ്ങൾ മോഡിയുടെ സുഹൃത്തുക്കളായ പത്തോ ഇരുപതോ സ്യൂട്ട് ബൂട്ട് കോർപറേറ്റ് വ്യവസായികൾക്കു മാത്രമാണ് ലഭിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.    ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അഹമ്മദാബാദിൽ വന്നു മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഡോക് ലാമിൽ ചൈനീസ് സൈന്യം വന്നത്. പിന്നീട് ചൈന സന്ദർശനം നടത്തിയ മോഡി ഡോക് ലാമിനെക്കുറിച്ച് ഒരു അക്ഷരം പോലും പറയാതെ തിരിച്ചുപോന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. മോഡി റിലയൻസിന്റെ ജിയോയുടെ പരസ്യ മോഡൽ ആയത് തന്നെ അദ്ദേഹം ധനികരുടെ മാത്രം കാര്യങ്ങൾ നോക്കുന്നു എന്നതിന്റെ തെളിവാണെന്നും രാഹുൽ പറഞ്ഞു. 

Latest News