ഹൈദരാബാദ്- പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന തെലങ്കാന സ്റ്റേറ്റ് സ്‌പോർട്‌സ് സ്കൂളിലെ മുതിർന്ന ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്തു. തെലങ്കാന സ്റ്റേറ്റ് സ്‌പോർട്‌സ് സ്‌കൂൾ ഉദ്യോഗസ്ഥൻ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെ കുറിച്ചുള്ള റിപ്പോർട്ടിനോട് പ്രതികരിക്കവെ, ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി സംസ്ഥാന കായിക യുവജന സേവന മന്ത്രി വി ശ്രീനിവാസ് ഗൗഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിഷയം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
ദേശീയ ഫെഡറേഷൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗിക ആരോപണങ്ങൾക്ക് സമാനമായതാണ് കേസ്. ബ്രിജ് ഭൂഷൺ സിംഗിനെ വിചാരണ ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് ദൽഹി പോലീസ് വെള്ളിയാഴ്ച തലസ്ഥാനത്തെ മെട്രോപൊളിറ്റൻ കോടതിയിൽ പറഞ്ഞിരുന്നു.
സ്പോർട്സ് സ്കൂളിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ അന്വേണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശ്രീനിവാസ് ഗൗഡ് പറഞ്ഞു.
ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും ബിആർഎസ് എംഎൽസി കെ കവിത ആവശ്യപ്പെട്ടു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.
അതിനിടെ, തനിക്കെതിരായ ആരോപണങ്ങൾ ഉദ്യോഗസ്ഥൻ നിഷേധിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് താമസ സൗകര്യവും സൗജന്യ വിദ്യാഭ്യാസവും നൽകുന്ന സ്കൂളിൽ നിലവിൽ അമ്പെയ്ത്ത്, ഫുട്ബോൾ, ജിംനാസ്റ്റിക്സ് എന്നിവയുൾപ്പെടെ 11 ഇനങ്ങളിൽ പരിശീലനം നൽകുന്നു.