ഭോപ്പാൽ-മധ്യപ്രദേശ് സർക്കാരിനെതിരെ തെറ്റായ ആരോപണം ഉന്നയിച്ചതിന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര, മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സർക്കാർ 50 ശതമാനം കമ്മീഷൻ സർക്കാരാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ആരോപിച്ചതിനെതിരെ ബിജെപി ഇൻഡോർ ലീഗൽ സെൽ കൺവീനർ നിമേഷ് പഥക്കാണ് പരാതി നൽകിയത്.
സംസ്ഥാന തലസ്ഥാനമായ ഭോപ്പാൽ, ഇൻഡോർ, രേവ എന്നിവയുൾപ്പെടെ മധ്യപ്രദേശിലെ വിവിധ നഗരങ്ങളിൽ നേരത്തെ ജെപി നേതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. സത്യവിരുദ്ധമയാ സോഷ്യൽ മീഡിയ പോസ്റ്റുകൾ നൽകിയെന്നാരോപിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ബി.ജെ.പി നേതാക്കൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വ്യാജ കത്ത് അടിസ്ഥാനമാക്കിയാണ് ബിജെപിയെയും സംസ്ഥാന സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നതെന്നാണ് പരാതി.
ബിജെപിയെയും സംസ്ഥാന സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നതിന് മുൻകൂട്ടി ആസൂത്രണം ചെയ്ത അജണ്ടയുടെ ഭാഗമായാണ് വ്യാജ കത്ത് അടിസ്ഥാനമാക്കിയുള്ള കോൺഗ്രസിന്റെ ആരോപണങ്ങളെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി.ഡി.ശർമ്മ തുടങ്ങിയ നേതാക്കൾ പറഞ്ഞു.