ജയ്പൂർ- രാജസ്ഥാനിൽ കോൺഗ്രസിന്റെ പതിനഞ്ചോളം പ്രമുഖ നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമണങ്ങളിൽ സർക്കാർ നിഷ്‌ക്രിയരാണെന്ന് ആരോപിച്ചാണ് മുൻ എം.എൽ.എ അടക്കമുള്ളവർ പാർട്ടി വിട്ടത്. കൂടുതൽ ആളുകൾ ഇനിയും ബി.ജെ.പിയിലേക്ക് എത്തുമെന്ന് രാജസ്ഥാൻ ബി.ജെ.പിയുടെ ചുമതലയുള്ള അരുൺ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. മുൻ എം.എൽ.എമാരായ ഗോപിചന്ദ് ഗുർജാർ, മോത്തിലാൽ ഖരേര, അനിതാ കത്താര, വിരമിച്ച ജഡ്ജി കിഷൻ ലാൽ ഗുർജാർ, മധ്യപ്രദേശ് മുൻ ഡി.ജി.പി പവൻ കുമാർ ജെയിൻ, കോൺഗ്രസ് നേതാവ് മൃദുരേഖ ചൗധരി തുടങ്ങിയ പ്രമുഖരാണ് ബി.ജെ.പിയിലേക്കെത്തിയത്.
സ്ത്രീകൾക്ക് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്യുന്നതിനു പകരം അവരുടെ സുരക്ഷയെ കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് ആവശ്യപ്പെട്ടു.