പാരിസ്-ബോഡി മോഡിഫിക്കേഷനിലൂടെ സ്വന്തം ശരീരത്തില്‍ രൂപമാറ്റങ്ങള്‍ വരുത്തുന്നത് പടിഞ്ഞാറന്‍ നാടുകളില്‍ സാധാരണയാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഏറെ വിചിത്രമായ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഫ്രാന്‍സില്‍ നിന്നുള്ള 35 കാരനാണ് കറുത്ത ഏലിയന്റെ രൂപത്തിലേക്ക് മാറുന്നതിനായി വന്‍തോതിലുള്ള ശരീരപരിവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ വിധേയനായിരിക്കുന്നത്. ആന്റണി ലോഫ്രെഡ എന്ന ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍ തന്റെ സ്വപ്ന രൂപം കൈവരിക്കാന്‍ രണ്ട് ചെവികളും മൂക്കും രണ്ടു വിരലുകളും സ്വമേധയാ മുറിച്ചുമാറ്റിയാണ് മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്.
ശരീരം മുഴുവന്‍ കറുത്ത നിറത്തിലേക്ക് മാറ്റാന്‍ കണ്ണ് ഉള്‍പ്പെടെ ശരീരത്തിന് മുഴുവന്‍ ഭാഗങ്ങളിലും ഇയാള്‍ മുന്‍പ് ടാറ്റു ചെയ്തിരുന്നു. കൂടാതെ നാവ് പൂര്‍ണമായും പച്ചനിറത്തില്‍ ആക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പലതരത്തിലുള്ള ഇംപ്ലാന്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ശരീരത്തില്‍ ഇത്രയേറെ മാറ്റങ്ങള്‍ വരുത്തുകയും ചെവിയും വിരലുകളും മൂക്കും ഉള്‍പ്പെടെ മുറിച്ചു കളയുകയും ചെയ്തിട്ടും തന്റെ രൂപമാറ്റം അവസാനിപ്പിക്കാന്‍ ആന്റണി തീരുമാനിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറയുന്നത് തന്റെ ഒരു കാല്‍ കൂടി മുറിച്ചു മാറ്റാനുള്ള ഒരുക്കത്തിലാണ് താന്‍ എന്നാണ്.
ഒരു ഹോട്ടലിലാണ് ഇപ്പോള്‍ ഇയാള്‍ താമസിക്കുന്നത്. സമൂഹത്തില്‍ ഇറങ്ങിയാല്‍ എല്ലാവരും തന്നെ മാറ്റിനിര്‍ത്തുകയാണ് എന്നാണ് ഇയാളുടെ പരാതി. വീട്ടുകാരുടെ ഭാഗത്തുനിന്ന് പോലും പലപ്പോഴും തനിക്ക് വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആന്റണി പറയുന്നു. പക്ഷേ, അതൊന്നും തനിക്ക് പ്രശ്നമല്ലെന്നും തന്റെ ജീവിതവുമായി മുന്നോട്ടു പോകാനാണ് തനിക്ക് ആഗ്രഹം എന്നും അയാള്‍ പറയുന്നു.
ഇത്രയേറെ പരിവര്‍ത്തനങ്ങള്‍ ശരീരത്തില്‍ വരുത്തിയിട്ടും താന്‍ ആഗ്രഹിച്ച രീതിയിലേക്ക് ശരീരം പൂര്‍ണ്ണമായും മാറിക്കഴിഞ്ഞിട്ടില്ല എന്നാണ് ആന്റണി പറയുന്നത്. 46% മാറ്റങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തന്റെ ശരീരത്തില്‍ വരുത്തിയിരിക്കുന്നതൊന്നും ഇനിയും നിരവധി മാറ്റങ്ങള്‍ വരുത്താന്‍ ഉണ്ടെന്നും ഇയാള്‍ പറയുന്നു.