Sorry, you need to enable JavaScript to visit this website.

ഓണവും പുതുപ്പള്ളി തെരഞ്ഞെടുപ്പും അടുത്തതോടെ ക്ഷേമപെൻഷനും ജീവൻ വച്ചു; തിങ്കളാഴ്ച മുതൽ രണ്ടുമാസത്തെ പെൻഷൻ

തിരുവനന്തപുരം - ഓണാഘോഷവും പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പും അടുത്തെത്തിയതോടെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണ നടപടിയും വേഗത്തിലായി. സംസ്ഥാനത്ത് ക്ഷേമപെൻഷൻ തിങ്കളാഴ്ച മുതലാണ് വിതരണം ചെയ്യുക. 
 രണ്ടുമാസത്തെ പെൻഷനായ 3200 രൂപയാണ് ഒന്നിച്ച് വിതരണം ചെയ്യുക. ഓണത്തിന് മുമ്പ് 60 ലക്ഷത്തോളം പേർക്ക് പെൻഷൻ ലഭിക്കും. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യാനായി 1,762 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
 സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്ക് പെൻഷൻ വിതരണത്തിന് 212 കോടി രൂപയുമാണ് അനുവദിച്ചത്. പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തും. ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴിയും പെൻഷൻ ലഭ്യമാവും. 23നു മുമ്പ് വിതരണം പൂർത്തിയാക്കാനാണ് നിർദേശം. നിത്യോപയോഗ വസ്തുക്കൾക്കെല്ലാം വൻ വിലക്കയറ്റമുണ്ടായി മാർക്കറ്റിലേക്ക് അടുക്കാനാവാത്ത സ്ഥിതിയാണെങ്കിലും ഒരുമിച്ച് 3200 രൂപ ലഭിക്കുന്നതിന്റെ വലിയൊരു ആശ്വാസത്തിലാണ് പല കുടുംബങ്ങളും. മരുന്നിനും മറ്റ് ചില്ലറ ആവശ്യങ്ങൾക്കുമെല്ലാം ഇത് ഉപയോഗപ്പെടുത്താമല്ലോ എന്ന ചിന്തയിലാണ് അധിക പേരും.

Latest News