Sorry, you need to enable JavaScript to visit this website.

മണിപ്പൂരിൽ മൗനികളായവർ 'പറക്കും ചുംബന'ത്തിൽ അമിതാവേശം കാണിക്കുന്നു - ദാമോദർ മൗസോ

- എസ്.എസ്.എഫ് 30-മത് സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം 
തിരുവനന്തപുരം -
മണിപ്പൂരിലെ സ്ത്രീ വിഷയത്തിൽ മൗനികളായവർ പറക്കും ചുംബന വിവാദത്തിൽ കാണിക്കുന്ന അമിതാവേശം ശുഭ സൂചനയല്ലെന്ന് ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ പറഞ്ഞു. ജനാധിപത്യത്തെയും പൗരാവകശങ്ങളെയും ഹനിക്കുന്നവർ എഴുത്തുകാരെയും ചിന്തകന്മാരെയും നിശബ്ദമാക്കാനുള്ള ശ്രമങ്ങളും രാജ്യത്ത് നടന്നുവരികയാണ്. ഇവയെല്ലാം ശക്തമായി ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലസ്ഥാനത്ത് എസ് എസ് എഫിന്റെ 30-ാമത് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 ജനാധിപത്യ പ്രക്രിയയിൽ മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്തവും പ്രാധാന്യവും വളരെ ഏറെയാണ്. അതിനാൽ മാധ്യമപ്രവർത്തകർ തങ്ങളുടെ ദൗത്യം മറന്ന് പ്രവർത്തിക്കരുതെന്നും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ കൂടുതൽ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 മനുഷ്യത്വം അന്യമാകുന്ന കാലത്ത് സാഹിത്യോത്സവ് ഉയർത്തുന്ന 'മനുഷ്യൻ' എന്ന പ്രമേയം ഏറെ പ്രസക്തമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 
സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സംഗമത്തിൽ സനീഷ് ഇളയിടത്ത്, കെ വി സജയ് (ഭാഷകളിലെ മനുഷ്യർ; വാക്കുകൾ സഞ്ചരിച്ച വഴികൾ), കെ പി രാമനുണ്ണി, ഡോ. ഡി അനിൽകുമാർ (പച്ച മനുഷ്യരുടെ ലോകം), കെ ഇ എൻ കുഞ്ഞഹമ്മദ്, ഡോ. പി പി അബ്ദുറസാഖ് (ഭക്ഷണം; അനുഭവം, അനുഭൂതി, അതിജീവനം), സി പി ഷഫീഖ് ബുഖാരി, ഷബീറലി നൂറാനി (സമ്പത്ത്; കരുതലോളം കരുത്തില്ല മറ്റൊന്നിനും) എന്നി വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു..
 തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന സാഹിത്യോത്സവിൽ 170 ഇനങ്ങളിലായി രണ്ടായിരത്തോളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. ഗ്രാമതലത്തിൽ നിന്ന് തുടങ്ങി സംസ്ഥാന തലം വരെയുള്ള മത്സരങ്ങളിൽ ഒരു ലക്ഷത്തിലധികം പ്രതിഭകളാണ് സാഹിത്യോത്സവിന്റെ ഭാഗമായതെന്ന് ഭാരവാഹികൾ പറഞ്ഞു. നഗരത്തിലെ പത്ത് വേദികളിലായി സാംസ്‌കാരിക ചർച്ചകൾ, കലാസ്വാദനങ്ങൾ, പുസ്തകമേള തുടങ്ങിയവയും നടക്കുന്നുണ്ട്. ഉദ്ഘാടന സംഗമത്തിൽ ഇല്യാസ് സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സിദ്ദീഖ് സഖാഫി നേമം, കെ അബ്ദുറഷീദ്, എം അബ്ദുൽമജീദ് പ്രസംഗിച്ചു.

Latest News