കല്‍പറ്റ- ലോക്‌സഭയിലെ തീപ്പാറിയ പ്രസംഗത്തിന്റെ ചൂടാറുംമുമ്പെ, ഫ്‌ളൈയിംഗ് കിസിന്റെ വിവാദ ചൂടിലേക്ക് എടുത്തെറിയപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ ലഭിച്ചത് വനിതകളുടെ സ്‌നേഹാശ്ലേഷങ്ങള്‍. ലോക്‌സഭയില്‍ മന്ത്രി സ്മൃതി ഇറാനി ഉയര്‍ത്തിയ വൃത്തികെട്ട ആരോപണത്തിനുള്ള മറുപടി കൂടിയായി ഇത്.
തന്റെ മണ്ഡലത്തിലെ ഭവനരഹിതര്‍ക്കായി രാഹുല്‍ ഒരുക്കിയ കൈത്താങ്ങ് പദ്ധതിയില്‍ വീട് ലഭിച്ചവര്‍ക്കുള്ള താക്കോല്‍ദാനം നിര്‍വഹിക്കുന്നതിനിടെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ രാഹുലിനെ സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിച്ചത്. ഓരോരുത്തരോടും കുശലം പറഞ്ഞും ആശ്ലേഷിച്ചും രാഹുല്‍ അവരില്‍ ഒരാളായി മാറുകയായിരുന്നു.
താക്കോല്‍ ഏറ്റുവാങ്ങിയ പലര്‍ക്കും കണ്ണീരടക്കാന്‍ പറ്റാതായി. ചിലര്‍ രാഹുലിന് കൈകൊടുത്തു. ചിലര്‍ ആലിംഗനം ചെയ്തു. ഒരു കുട്ടി സന്തോഷം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞത് രാഹുലിനെ ഒരു നിമിഷം ആശങ്കാകുലനാക്കി. അടുത്തുണ്ടായിരുന്ന കെ.സി വേണുഗോപാലിനോട് കാര്യം തിരക്കിയ രാഹുല്‍ സന്തോഷക്കണ്ണീരാണെന്ന് മനസ്സിലാക്കിയതോടെ കുട്ടിയെ ആശ്വസിപ്പിച്ചു.