ന്യൂദല്‍ഹി- ക്യാമ്പസില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെ.എന്‍.യു) കൈക്കൊണ്ട ശിക്ഷാ നടപടി ദല്‍ഹി ഹൈക്കോടതി തടഞ്ഞു. പിഴയടക്കാനായിരുന്നു ശിക്ഷ.
പല കാരണങ്ങളാല്‍ ജെ.എന്‍.യു സ്വീകരിച്ച ശിക്ഷ നിലനില്‍ക്കില്ലെന്നാണ് കോടതി വിലയിരുത്തിയത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിഴശിക്ഷ പിന്‍വലിക്കുന്നതായി ജെ.എന്‍.യു അധികൃതര്‍ അറിയിച്ചു.
ശിക്ഷാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കനയ്യ കുമാര്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂണിവേഴ്‌സിറ്റിയുടെ അച്ചടക്കം ലംഘിച്ചതിനുള്ള ശിക്ഷയായാണ് കനയ്യ കുമാര്‍ പിഴയൊടുക്കണമെന്ന് ജെ.എന്‍.യു നിര്‍ദേശിച്ചത്.
അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് കാണിച്ചാണ് കോളേജിലെ അപ്പീല്‍ കമ്മിറ്റി കനയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്തിയത്.
പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിക്കൊന്ന അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ച് 2016 ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യുവില്‍ പൊതുപരിപാടി നടത്തിയതിനെ തുടര്‍ന്നാണ് കനയ്യ കുമാര്‍ ഉള്‍പ്പെടെ 13 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുത്തത്.