ന്യൂദൽഹി- നിയമകമ്മീഷന് ഭരണഘടനാ പദവി നൽകാൻ നിയമം കൊണ്ടുവരണമെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. നിയമനിർമാണ സഭകളിൽ ഏതെങ്കിലും തരത്തിലുള്ള ബില്ലുകൾ കൊണ്ടുവരണമെന്ന് കോടതികൾക്ക് നിർബന്ധിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബഞ്ചാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. പുതിയ നിയമങ്ങളോ ഭേദഗതികളോ കൊണ്ടുവരാൻ കോടതികൾക്ക് നിർബന്ധിക്കാനാകില്ല. വിഷയത്തിൽ ശിപാർശകൾ നൽകനോ അല്ലെങ്കിൽ നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ചൂണ്ടികാണിക്കാനോ മാത്രമേ കോടതികൾക്ക് കഴിയുകയൊള്ളൂവെന്നും സുപ്രീംകോടതി ചൂണ്ടികാണിച്ചു. നിയമകമ്മീഷന് ഭരണഘടനാ പദവി നൽകാൻ ആറുമാസത്തിനുള്ളിൽ ബിൽ കൊണ്ടുവരണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവ്. കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും മൂന്ന് മാസത്തിനുള്ളിൽ കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർക്കാറിന്റെ എല്ലാ ഡിപ്പാർട്ടുമെന്റുകളിലും നിയമത്തിൽ പരിജ്ഞാനമുള്ള നോഡർ ഓഫീസറെ നിയമിക്കാനും ഉത്തരവിലുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത് കേന്ദ്രസർക്കാറിന് സുപ്രീംകോടതിയെ സമീപിച്ചത്.