ന്യൂദൽഹി - മോഡി സർക്കാരിനെതിരെ ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. പ്രമേയത്തെ 325 പേർ എതിർത്തപ്പോൾ 126 പേർ മാത്രമേ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുള്ളൂ. പ്രതീക്ഷിച്ചതിനേക്കാൾ അധികം വോട്ട് നേടിയാണ് സഭയിൽ മോഡി സർക്കാർ ഉജ്വല വിജയം നേടിയത്. പ്രതിപക്ഷം 154 വോട്ട് പ്രതീക്ഷിച്ചെങ്കിലും 126 വോട്ട് മാത്രമേ നേടാൻ സാധിച്ചുള്ളൂ. എൻ.ഡി.എ സഖ്യകക്ഷിയായ ശിവസേന വോട്ടെടുപ്പിൽനിന്ന് വിട്ട് നിന്നെങ്കിലും അണ്ണാ ഡി.എം.കെയുടെ വോട്ട് ഉറപ്പിക്കാൻ സാധിച്ചതാണ് ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും കരുത്തായത്.
പ്രമേയം തള്ളിയെങ്കിലും സംവാദത്തിലൂടെ സർക്കാരിന്റെ പരാജയം തുറന്ന് കാട്ടാൻ പ്രതിപക്ഷത്തിന് സാധിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഐക്യം ഒരിക്കൽ കൂടി ശക്തമാക്കാനും ഇതിലൂടെ പ്രതിപക്ഷത്തിന് സാധിച്ചു. എന്നാൽ അവിശ്വാസ വോട്ടെടുപ്പിൽ പ്രതീക്ഷിച്ചതിലും വോട്ട് കുറഞ്ഞത് പ്രതിപക്ഷ ഐക്യത്തിനിടയിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
പതിനഞ്ച് വർഷത്തിന് ശേഷമാണ് അവിശ്വാസ പ്രമേയം ലോക്‌സഭയിൽ വരുന്നത്. ഇന്നലെ രാവിലെ 11ന് തുടങ്ങിയ ചർച്ച പന്ത്രണ്ട് മണിക്കൂറോളം നീണ്ടു. ഒന്നര മണിക്കൂറാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം നീണ്ടത്. രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞായിരുന്നു മോഡിയുടെ പ്രസംഗം. പ്രാദേശിക പാർട്ടികളെ ഒഴിവാക്കി കോൺഗ്രസിനെ ലക്ഷ്യം വച്ചായിരുന്നു മോഡിയുടെ കടന്നാക്രമണം.