ജിദ്ദ - വാഹനാപകടത്തെ തുടർന്ന് ഇന്ത്യക്കാരനായ ഡ്രൈവറും സൗദി യുവതിയും തമ്മിൽ കടുത്ത വാഗ്വാദം. യുവതി ഓടിച്ച കാർ മെയിൻ റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ കാറിന്റെ ചില്ലുകൾ തകരുകയും വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എന്നാൽ ഡ്രൈവറായ യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിനു ശേഷം കാറിൽ നിന്ന് പുറത്തിറങ്ങിയ യുവതി ഇന്ത്യക്കാരനാണ് തന്റെ കാർ നിയന്ത്രണം വിട്ട് മറിയാൻ കാരണമെന്നും ഇന്ത്യക്കാരന്റെ ഭാഗത്താണ് തെറ്റെന്നും പറഞ്ഞ് യുവാവുമായി വാക്കേറ്റമുണ്ടാക്കുകയായിരുന്നു. എന്നാൽ യുവതിക്ക് മനസ്സിലാകാത്ത ഭാഷയിൽ തന്റെ ഭാഗം ഇന്ത്യക്കാരൻ ന്യായീകരിക്കുകയും യുവതിയുമായി തർക്കിക്കുകയും ചെയ്തു.
ഇന്ത്യക്കാരനോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് വ്യക്തമായതോടെ, ട്രാഫിക് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് വാഹനാപകടങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കുന്ന നജും ഇൻഷുറൻസ് സർവീസ് കമ്പനി പ്രതിനിധികൾ എത്തുന്നതു വരെ യുവതി ഇന്ത്യക്കാരനോട് സ്വന്തം കാറിൽ പോയി ഇരിക്കാൻ ആവശ്യപ്പെട്ടു. തന്റെ സംസാരം കേട്ട് തനിക്ക് തലവേദനയെടുക്കുന്നുണ്ടെന്നും കടുത്ത വെയിലാണെന്നും പറഞ്ഞാണ് യുവതി ഇന്ത്യക്കാരനോട് സ്വന്തം കാറിൽ പോയി ഇരിക്കാൻ ആവശ്യപ്പെട്ടത്. നജും ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ എത്തിയാൽ ആരുടെ ഭാഗത്താണ് തെറ്റ് എന്ന കാര്യം വ്യക്തമാകുമെന്നും യുവതി ഇന്ത്യക്കാരനോട് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ യുവതി തന്നെ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.