ന്യൂദല്‍ഹി - ട്രെയിനിലെ രണ്ട് എസി കോച്ചുകളില്‍ വൈദ്യുതി തടസ്സപ്പെട്ടതില്‍ രോഷാകുലരായ യാത്രക്കാര്‍ ടിക്കറ്റ് എക്‌സാമിനറെയും സഹായിയെയും ട്രെയിനിലെ ശുചിമുറിയില്‍ പൂട്ടിയിട്ടു. റെയില്‍വേ പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും എത്തി ഉടന്‍ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കിയതോടെ ടി ടി ഇയെയും സഹായിയെയും മോചിപ്പിച്ചത്. ടി ടി ഇ ഹരീഷ് ചന്ദ്ര യാദവിനെയും സഹായിയായ ജീവനക്കാരനെയുമാണ് പൂട്ടിയിട്ടത്. ദില്ലി ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗാസിപൂരിലേക്ക് പോകുകയായിരുന്ന സുഹൈല്‍ദേവ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ടതിന് പിന്നാലെ ട്രെയിനിലെ കോച്ചുകളിലെ ലൈറ്റ് ഓഫ് ആകുകയും വൈദ്യുതി തകരാര്‍ മൂലം എസികള്‍ പ്രവര്‍ത്തന രഹിതമാകുകയും ചെയ്തു. ടി ടി ഇയെ സംഭവം അറിയിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാതായതോടെയാണ് ടി ടി ഇയെയും സഹായിയെയും യാത്രക്കാര്‍ ശുചിമുറിയില്‍ പൂട്ടിയിട്ടത്.