കോഴിക്കോട്- കൃത്രിമ ബുദ്ധി (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലെ പ്രതി ഗുജറാത്ത് സ്വദേശി കൗശല്‍ ഷാ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് സൈബര്‍ പോലീസ് ഇയാളുടെ അഹമ്മദാബാദിലെ വീട്ടിലെത്തി പരിശോധന നടത്തി. പ്രതി ഒളിവിലാണ്.
പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം പോലീസ് നേരെത്തേ കണ്ടെത്തിയിരുന്നു. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ഇയാള്‍. പ്രതിക്കായി മുംബൈ, ഗുജറാത്ത് ഗോവ സംസ്ഥാനങ്ങളില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കോഴിക്കോട് പാലാഴി സ്വദേശി പി.എസ്.രാധാകൃഷ്ണന് ആണ് തട്ടിപ്പിനിരയായത്. കൂടെ ജോലി ചെയ്തിരുന്ന ആളെന്ന് പറഞ്ഞ് വാട്സ്ആപ്പ് കോളിലൂടെ 40000 രൂപ ആവശ്യപ്പെടുകയായിരുന്നു. "ഡീപ് ഫെയ്ക് ടെക്നോളജി' ഉപയോഗിച്ച് സുഹൃത്തിന്റെ രൂപവും ശബ്ദവും വ്യാജമായി തയാറാക്കിയായിരുന്നു തട്ടിപ്പ്.
പണം നൽകിയ ശേഷം വീണ്ടും വിളിച്ച് 35000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. തുടർന്ന് കൈവശമുണ്ടായിരുന്ന ഫോൺ നമ്പറിൽ സുഹൃത്തിനെ ബന്ധപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് മനസിലായത്.