Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തുടക്കം കിരി കിരി ചെരുപ്പ്മ്മൽ; മലയാളിയുടെ മണ്ണിലും മനസ്സിലും മാപ്പിളപ്പാട്ടൊഴുക്കിയ ഇശൽ റാണി

കോഴിക്കോട് - മാപ്പിളപ്പാട്ടുകളിലൂടെ മലയാളികളുടെ മണ്ണും മനസ്സും കീഴടക്കിയ ഇശലിന്റെ റാണിയാണ് അന്തരിച്ച വിളയിൽ ഫസീല. 
 കിരി കിരി ചെരുപ്പ്മ്മൽ അണഞ്ഞുള്ള പുതുനാരി...എന്ന കല്യാണപ്പാട്ടിലൂടെയാണ് സ്റ്റേജ് സംഗീതാലാപനത്തിലേക്കുള്ള തുടക്കം. ശേഷം ആമിന ബീവിക്കോമന മോനേ ആരിലും കനിയും ഇമ്പത്തേനേ... എന്ന പാട്ടിലൂടെ നാട്ടിലും പ്രവാസലോകത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു.
 ഹജ്ജിന്റെ രാവിൽ ഞാൻ കഅ്ബം കിനാവ് കണ്ടു, ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, വിശ്വ പ്രപഞ്ച, ആനെ മദനപ്പൂ, കണ്ണീരിൽ മുങ്ങി ഞാൻ, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുൽ ഖുറാവിൽ, യത്തീമെന്നെന്നെ, മണിമഞ്ചലിൽ, മക്കത്ത് പോണോരെ, അഹദവനായ പെരിയോനേ, പണ്ട് പണ്ട് പായക്കപ്പല്, കടലിന്റെ ഇക്കര പോണോരേ.... തുടങ്ങി ഒത്തി വരികളിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള സംഗീതാസ്വാദകരുടെ മനസ്സിൽ അവർ കൂടുകൂട്ടി. 
 മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം. വലിയ സംഗീത പാരമ്പര്യമൊന്നും ഇല്ലാത്ത കുടുംബമായിരുന്നു ഇവരുടേത്. സിനിമാ ഗാനങ്ങളുള്ള പുസ്തകങ്ങൾ തേടിപ്പിടിച്ച് വത്സലയും സഹോദരനും അന്ന് പാട്ടുകൾ പാടുമായിരുന്നു. തട്ടമിട്ടു പാട്ടുപാടുന്ന വത്സല അക്കാലത്ത് ഒരു അത്ഭുതമായിരുന്നു. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. 
 വിളയിൽ പറപ്പൂർ വിദ്യാ പോഷിണി സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കവേ ഒരു കല്യാണ വീട്ടിൽ ആദ്യമായി പാട്ടു പാടിയാണ് ഈ കൊച്ചു മിടുക്കി പാട്ടുജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് സ്‌കൂളിലെ സാഹിത്യ സമാജങ്ങളിൽ സ്ഥിരം ഗായികയായി. പ്രശസ്ത രചയിതാവും ഗായകനുമായിരുന്ന യശ്ശശരീരനായ വി.എം കുട്ടിയാണ് ഫസീലയുടെ സംഗീതകരിയറിലെ വഴികാട്ടി. വി.എം കുട്ടി മാഷിന്റെ സ്‌നേഹിതനായ മുഹമ്മദ് നാലകത്ത് എന്ന അറബി മുൻഷി വഴിയാണ് അറബി ഉച്ചാരണങ്ങൾ പഠിച്ചത്. പിന്നീട് ഗാനമേളകളിലൂടെ മലബാറിലും ഗൾഫ് നാടുകളിലും അതിവേഗം സംഗീതാസ്വാദകർ ഇവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
 വി.എം കുട്ടി എന്ന മനുഷ്യനില്ലായിരുന്നെങ്കിൽ വിളയിൽ ഫസീല എന്ന തന്റെ പേരോ ബ്രാൻഡോ ഉണ്ടാകുമായിരുന്നില്ലെന്ന് അവർ പറയുമായിരുന്നു. 1970-ൽ വിളയിൽ പറപ്പൂർ വി.പി.എ.യു.പി സ്‌കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് കരിയറിന്റെ തുടക്കം. ആകാശവാണി കോഴിക്കോട് നിലയത്തിൽ ബാലലോകം എന്ന പരിപാടി അവതരിപ്പിക്കുന്നതിനായി വി.എം കുട്ടി മാഷിന് കുറച്ച് കുട്ടികളെ ആവശ്യമുണ്ടായിരുന്നു. അതിന്റെ അലച്ചിലിനിടെയാണ് അദ്ദേഹം വിളയിലെ സ്‌കൂളിലെത്തുന്നത്. അങ്ങനെയാണ് അധ്യാപകരുടെ സഹായത്തോടെ സ്‌കൂൾ സാഹിത്യ സമാജത്തിലെ സ്ഥിരം പാട്ടുകാരിലേക്ക് കാര്യങ്ങൾ എത്തിയത്. ബാലലോകത്തിനായി 'തേനൊഴുകുന്നൊരു നോക്കാലെ, തേവി നനക്ക്ണ പെണ്ണാളെ, കയറിട്ട പജ്ജിനെ കയ്ച്ചിട്ടതെന്തിന് പറയുക പൊന്നേ' എന്ന പാട്ടാണ് അന്ന് പാടിയത്. പിന്നീട് മലയാളികളുടെ നാവിൽ തിത്തിക്കളിക്കുന്ന ഒരുപാട് പാട്ടുകളിലൂടെ അയ്യായിരത്തോളം വേദികളിലാണിവർ സംഗീതത്തിന്റെ അലകടൽ തീർത്തത്. മയിലാഞ്ചി, പതിനാലാം രാവ്, 1921 എന്നി സിനിമകളിലും പാടിയിട്ടുണ്ട്.
  1986-ലാണ് പ്രവാസിയായ ടി.കെ.പി മുഹമ്മദലിയുമായുള്ള വിവാഹം. ഫയാദ് അലി, ഫാഹിമ എന്നിവർ മക്കളാണ്. 1981-ൽ സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരിക്കെ മാപ്പിളഗാന കലാരത്‌നം പുരസ്‌കാരത്തിന് അർഹയായി. ഫോക് ലോർ അക്കാദമി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്. മാപ്പിള കലാ അക്കാദമി അവാർഡ് തുടങ്ങി കേരളത്തിനകത്തും പുറത്തുനിന്നുമായി ഒത്തിരി പുരസ്‌കാരങ്ങളും ഇവരെ തേടിയെത്തി. മലാളികൾ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം മാപ്പിളപ്പാട്ട് ഒഴുക്കിയാണ് അരനൂറ്റാണ്ടിലേറെ കാലത്തെ തന്റെ സംഗീത സപര്യ ഇവർ പൂർത്തിയാക്കിയത്. കോഴിക്കോട്ടെ വെള്ളിപ്പറമ്പിലെ വീട്ടിൽ ഇന്ന് സുബ്ഹി നമസ്‌കാര ശേഷമുളള മയക്കം അവസാന ഉറക്കമായി. ഉറക്കത്തിനിടെ ഹൃദായാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഖബറടക്കം ഇന്ന് രാത്രി നടക്കുമെന്നാണ് വിവരം.

Latest News