Sorry, you need to enable JavaScript to visit this website.

ഇനിയില്ല, ഇശലുകളുടെ ഇന്ദ്രധനുസ്സ്

ഒരു ലക്ഷത്തിലധികം സ്റ്റേജുകളിലായി ആയിരക്കണക്കിന് പാട്ടുകള്‍. നീണ്ട അഞ്ചു പതിറ്റാണ്ടിലേറെയായി തുടരുന്ന സംഗീതയാത്രയില്‍ വിളയില്‍ ഫസീല അടയാളപ്പെടുത്തിയ ആലാപനശൈലി കേരളത്തിന്റെ കലാചരിത്രത്തിലെ അനശ്വരമുദ്രകളാണ്. പ്രവാസികളാകെ ഹൃദയം നിറഞ്ഞ് ഏറ്റുവാങ്ങിയ പാട്ടുകളുടെ ഉടമയായ ഫസീലയെന്ന വിളയില്‍ വല്‍സല.സൗദിയിലെ പ്രേക്ഷകരുടെ മുമ്പില്‍ ആദ്യമായി ഗാനമേള അവതരിപ്പിച്ച ഇന്ത്യന്‍ ഗായിക നാല്‍പത്തൊന്നു കൊല്ലത്തിനു ശേഷം വീണ്ടും ജിദ്ദ നഗരത്തില്‍ വന്നു. മക്കയില്‍ നിന്ന് ഉംറ കഴിഞ്ഞെത്തിയ ഫസീല, ഉലച്ചിലൊട്ടും തട്ടാത്ത ആ പഴയ സ്വരസ്ഥായി വീണ്ടെടുത്ത് പാടി, 'ഹജിന്റെ രാവില്‍ ഞാന്‍ കഅബം കിനാവ് കണ്ടു.

1980 ജനുവരി ആദ്യവാരം. പുതുവര്‍ഷത്തിലെ തണുപ്പ് വീണ രാത്രി. ജിദ്ദ ബാഗ്ദാദിയയിലെ ന്യൂഡല്‍ഹി സ്ട്രീറ്റിലെ ഇന്ത്യന്‍ എംബസിയില്‍ (അന്ന് എല്ലാ രാജ്യങ്ങളുടേയും എംബസി ജിദ്ദയിലാണ്) ഇന്ത്യന്‍ സ്‌കൂള്‍ കെട്ടിടഫണ്ട് ധനശേഖരണാര്‍ഥം സംഘടിപ്പിച്ച ഗാനമേളയിലെ പ്രധാന ഗായകര്‍ വി.എം. കുട്ടിയും വിളയില്‍ വല്‍സലയും. ആദ്യകാല ജിദ്ദാ മലയാളി എ.വി അബ്ദുറഹീം കോയയായിരുന്നു മുഖ്യസംഘാടകന്‍. മാപ്പിളപ്പാട്ട് ലോകത്ത് ജ്വലിച്ചു നില്‍ക്കുന്ന താരങ്ങളായിരുന്നു വി.എം.കുട്ടിയും വല്‍സലയും. മലയാളികളോടൊപ്പം ഹൈദരാബാദുകാരും ഉത്തര്‍പ്രദേശുകാരും ഇവരുടെ പാട്ടിന്റെ ലഹരിയില്‍ മതിമറന്നു. മുഖ്യാതിഥി അന്നത്തെ ധനകാര്യമന്ത്രിയും പിന്നീട് ഇന്ത്യന്‍ രാഷ്ട്രപതിയുമായ ആര്‍. വെങ്കട്ടരാമന്‍ .

സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ കണ്ണൂര്‍ വളപട്ടണത്തുകാരന്‍ ടി.ടി.പി അബ്ദുല്ല, ഗാനമേളയ്ക്ക് ശേഷം വി.എം കുട്ടിയേയും വല്‍സലയേയും നേരിട്ടെത്തി അനുമോദിക്കുകയും മുഖ്യാതിഥിയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഞ്ചു സ്റ്റേജുകളില്‍ കൂടി പാടാന്‍ ഇവരോടാവശ്യപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പിന്നീട് ജിദ്ദയിലെത്തി ഉദ്ഘാടനം നിര്‍വഹിച്ച ഇന്ത്യന്‍ എംബസി സ്‌കൂള്‍ (ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഗേള്‍സ് വിഭാഗം) കെട്ടിടത്തിന്റെ ഫണ്ട് പിരിവില്‍, വിളയില്‍ വല്‍സല എന്ന ഗായികയുടേയും അദൃശ്യസംഭാവനയുണ്ട്. അന്നത്തെ ഗാനമേള, പിന്നീടുള്ള നിരന്തരമായ സംഗീതയാത്രകള്‍.ഇപ്പോള്‍ കൂടെയില്ലാത്ത ഗുരുതുല്യനായ വി.എം. കുട്ടി, ഭര്‍ത്താവ് മുഹമ്മദലി എന്നിവരുടെയൊക്കെ ആര്‍ദ്രമായ ഓര്‍മകളിലൂടെ, ശബ്ദമാധുരിയുടെ ഈ രാജകുമാരി, പിന്നിട്ട ജീവിതത്തിന്റെ അനുപല്ലവി മീട്ടി.

ആകാശവാണി ബാലലോകം

അമ്പത് വര്‍ഷം മുമ്പൊരു ഡിസംബറിലാണത്. കവി, ഗായകന്‍, ഗാനരചയിതാവ്, നോവലിസ്റ്റ്.ഇതെല്ലാമായ മലപ്പുറം പുളിക്കലിലെ വി.എം.കുട്ടി മാഷാണ് കൊണ്ടോട്ടി വിളയില്‍ പറപ്പൂരിലെ തിരുവാച്ചോല സൗദാമിനി ടീച്ചറോട് പറഞ്ഞത്. ആകാശവാണി ബാലലോകത്തില്‍ പാടാന്‍ നമുക്ക് കുറച്ച് കുട്ടികളെ വേണമല്ലോ ടീച്ചറേ... ടീച്ചര്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. സ്‌കൂള്‍ സാഹിത്യസമാജത്തിലും മറ്റും അത്യാവശ്യം നന്നായി പാടാറുള്ള വല്‍സലയേയും ഒപ്പം മാലതി, സതി, സുശീല, സോണിയ, ഇന്ദിര എന്നീ കുട്ടികളേയും ടീച്ചര്‍ നിര്‍ദേശിച്ചു. സഖാവ് കാരിക്കുഴിയന്‍ മുഹമ്മദ് കുട്ടി മാഷുടെ പ്രോല്‍സാഹനവും അന്നത്തെ പ്രാദേശിക ക്ലബ്ബായ പുളിക്കല്‍ ചെന്താര തിയേറ്റേഴ്സിന്റെ പിന്തുണയും കൂടിയായതോടെ വല്‍സല എന്ന പാട്ടുകാരി പിറവിയെടുത്തു. ആകാശവാണി ബാലലോകത്തിലൂടെ 1970 ല്‍ വല്‍സലയുടേയും കൂട്ടുകാരികളുടേയും പാട്ട് ശ്രോതാക്കളിലേക്ക്.

വി.എം കുട്ടി രചിച്ച് വല്‍സല പാടിയ 'കിരി കിരീ ചെരുപ്പുമ്മേല്‍ അണഞ്ഞുള്ള പുതുനാരി..' എന്ന പാട്ടായിരുന്നു ആദ്യമായി റെക്കാര്‍ഡ് ചെയ്തത്. പി.ടി അബ്ദുറഹ്‌മാന്‍ രചിച്ച 'ആമിനാബീവിക്കോമന മോനെ..' എന്ന രണ്ടാമതിറങ്ങിയ ഗ്രാമഫോണ്‍ റെക്കാര്‍ഡിലെ പാട്ട് മലബാറിലാകെ തരംഗമാവുന്നതും വല്‍സലയുടെ മധുരശബ്ദം ശ്രദ്ധേയമാകുന്നതും ഇതോടെയാണ്. വിളയില്‍ വല്‍സലയെന്ന നാമം മലബാറിലാകെ പ്രചരിക്കാന്‍ തുടങ്ങിയ കാലം. നൂറുക്കണക്കിന് വിവാഹങ്ങളിലെ ഗാനമേളകളിലേക്കുള്ള ക്ഷണം. 'പാപം പേറുന്നൊരു യാത്രക്കാരി..പാടിപ്പാടി തളര്‍ന്നിട്ടൊരിക്കല്‍ പാഴ്മുളം തണ്ടില്‍ ഞാന്‍ മരിക്കും' എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറനാട്ടിലെ ഉമ്മമാരുടെ ചുണ്ടുകളില്‍ വിളയില്‍ വല്‍സലയുടെ പാട്ടിന്റെ മധുരം തങ്ങി നിന്നു. റേഡിയോകളിലും ഗ്രാമഫോണുകളിലും പിന്നീട് കാസറ്റുകളിലും വി.എം.കുട്ടി - വല്‍സല കൂട്ട്‌കെട്ട് സംഗീത വിപ്ലവമാണ് സൃഷ്ടിച്ചത്.

യേശുദാസിനൊപ്പം റെക്കോര്‍ഡിംഗ്

1982 ല്‍ യേശുദാസിനോടൊപ്പം പാട്ട് റെക്കോര്‍ഡ് ചെയ്തത് തന്റെ ജീവിതത്തിലെ അമൂല്യസംഭവമായി ഫസീല കാണുന്നു. ദാസേട്ടന്റെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ ലഭിച്ച അപൂര്‍വ അവസരത്തെ അനുഗ്രഹീത ഗായിക ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. ബാപ്പു വെള്ളിപ്പറമ്പ് രചിച്ച ''ഹസ്ബീ റബ്ബീ സല്ലല്ലലാഹ്... ' എന്ന പാട്ടിന്റെ റെക്കാര്‍ഡിംഗ്. സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ ദാസേട്ടന്‍ മുമ്പില്‍.

മഹാനായ ആ ഗായകന്റെ മുമ്പില്‍ പരിഭ്രമിച്ചു പോയ തന്നെ കണ്ട് ദാസേട്ടന്‍ ആശ്വസിപ്പിക്കുകയും പാട്ട് മൂളാന്‍ ആവശ്യപ്പെടുകയും ചെയ്തു. അറബിഭാഷ ഉച്ചാരണശുദ്ധിയോടെ ദാസേട്ടന്‍ ആലപിക്കുന്നത് കണ്ട് അല്‍ഭുതപ്പെട്ടു. 'സംകൃതപമഗരി' എന്ന ടൈറ്റിലില്‍ ഇറങ്ങിയ കാസറ്റിലൂടെ 'ഹസ്ബീ റബ്ബീ സല്ലല്ലാഹ്' ...എന്ന താരാട്ട് പാട്ട് ആരാധകരെ സൃഷ്ടിച്ചു. ഈ പാട്ട് പാടിക്കൊടുത്താണ് പല ഉമ്മമാരും കുഞ്ഞുങ്ങളെ ഉറക്കിയിരുന്നത്. കെ.എസ് ചിത്രയോടൊപ്പവും പാടാന്‍ അവസരം കിട്ടി. 'മനസ്സകമില്‍ മൊഹബത്ത് ചൊരിഞ്ഞു.. ' എന്ന പാട്ടിന്റെ ട്രാക്ക് ഇട്ടുകൊടുത്തപ്പോള്‍ തന്നെ പരിചിതമായ ശബ്ദം കേള്‍ക്കെ ചിത്ര ചോദിച്ചുവത്രേ: ഇത് ഫസീലയുടെ ശബ്ദമല്ലേ? യത്തീമിനത്താണി.. എന്ന പാട്ട് ചിത്ര പാടുകയും ഹിറ്റാവുകയും ചെയ്തു.

ബാബുരാജിനോടൊപ്പം പാടിയ ആ നിമിഷം

സംഗീതമാന്ത്രികന്‍ എം.എസ്. ബാബുരാജിനോടൊപ്പം പാടാന്‍ ലഭിച്ച അവസരവും വിളയില്‍ ഫസീലയെന്ന ഗായികയുടെ ജീവിതത്തിലെ അനശ്വര മുഹൂര്‍ത്തമാണ്. കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതസംവിധാനത്തില്‍ ബാബുരാജിന്റെ കൂടെ പാടിയ ആ പാട്ട്, 'വിശ്വപ്രപഞ്ചത്തിനാകെ റസൂലേ, വിശ്വാസികള്‍ക്ക് ഹബീബേ... കരിമേഘമാല ഇരുള്‍തീര്‍ത്ത മാനത്ത് കനിവായി വിടര്‍ന്ന നിലാവേ..' ഇന്നും സംഗീതപ്രേമികള്‍ നെഞ്ചേറ്റുന്ന ഒന്നാണ്.

മണ്ണില്‍ മുഹമ്മദ് നിര്‍മിച്ച 1921 എന്ന സിനിമയില്‍ (സംവിധാനം ഐ.വി ശശി) 'മണവാട്ടി കരം കൊണ്ട് മുഖം മറച്ച് ഫിര്‍ദൗസിലടുക്കുമ്പോള്‍' എന്ന ഗാനം മൂസ എരഞ്ഞോളിയുമൊത്ത് ഫസീല ആലപിച്ചു. എ.ടി അബു സംവിധാനം ചെയ്ത മയിലാഞ്ചി എന്ന പടത്തില്‍ ഇവര്‍ പാടിയ 'കൊക്കരക്കൊക്കര കോയിക്കുഞ്ഞേ, ചക്കരമാവിലെ തത്തപ്പെണ്ണേ.. 'എന്ന പാട്ടും പ്രസിദ്ധമായി. വി.എം കുട്ടി രചിച്ച പാട്ടുകളാണ് ഫസീല കൂടുതലും പാടിയിട്ടുള്ളത്.'ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅബം കിനാവ് കണ്ടു, ശജറത്ത് പൂത്ത സുബര്‍ക്കത്തിന്‍ വാതില്‍ കണ്ടൂ.. ' എന്ന പാട്ടും എണ്‍പതുകളുടെ തുടക്കത്തില്‍ ഹിറ്റായി. ഇന്നും കാസറ്റുകളിലൂടെ, യു ട്യൂബിലൂടെ ഫസീലയുടെ മനോജ്ഞമായ പാട്ടുകള്‍ പുനര്‍ജനിക്കുന്നു. ഏത് തലമുറയിലേയും ആസ്വാദകരുടെ മനം കവരുന്നതാണ് അവരുടെ ആലാപനം.

മാസത്തില്‍ 30 നാള്‍ ഗാനമേള

1978, 79, 80 വര്‍ഷങ്ങള്‍ കേരളത്തിനകത്തും പുറത്തുംമിക്കവാറും എല്ലാ ദിവസവും ഗാനമേളയുടെ ബുക്കിംഗ് ഇതായിരുന്നു വിളയില്‍ ഫസീലയുടെ ഷെഡ്യൂള്‍. നിന്നുതിരിയാനിടമില്ലാത്ത വിധം പ്രോഗ്രാമുകള്‍. ഇന്ന് കാസര്‍കോടാണെങ്കില്‍ നാളെ ബാംഗ്ലൂര്‍, മറ്റന്നാള്‍ പാലക്കാട്.മാസത്തില്‍ എല്ലാ ദിവസവും പരിപാടികള്‍.മറുനാടന്‍ മലയാളികള്‍ മാസ്മരികമായ ആ ശബ്ദത്തില്‍ ആകൃഷ്ടരായി. മുംബൈയില്‍ സ്ഥിരമായി പരിപാടികള്‍. 1978 ലാണ് ആദ്യ ദുബായ് യാത്ര. പ്രവാസത്തിന്റെ വേവും ചൂടും അനുഭവിക്കുന്ന മലയാളികള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ അവര്‍ പാടി.'കടലിന്റെയിക്കരെ വന്നോരെ, ഖല്‍ബുകള്‍ വെന്ത് പൊരിഞ്ഞോരേ, തെങ്ങുകള്‍ തിങ്ങിയ നാടിന്റെയോര്‍മയില്‍ നിങ്ങടെ കഥ പറയൂ' പി.ടി അബ്ദുറഹ്‌മാന്‍ രചിച്ച അക്കാലത്തെ പ്രവാസികളുടെ ക്ലേശജീവിതത്തിന്റെ കണ്ണീര്‍ വീണ ഈ പാട്ട് ആയിരങ്ങളാണ് ഏറ്റെടുത്തത്. ഇതോടെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രോഗ്രാമുകള്‍ അവരെ തേടിയെത്തി. വിളയില്‍ വല്‍സല എന്ന പേര് ഒരു തരംഗമായി മാറിയ കാലം. പി.എ ഖാദര്‍ രചിച്ച 'വാരിയംകുന്നത്ത് ഹാജി, ശൂരിതം നിറഞ്ഞ ഹാജി' എന്ന പാട്ടും അക്കാലത്ത് ആസ്വാദകര്‍ ആവേശത്തോടെ വരവേറ്റു.

തിരൂരില്‍ നടന്ന സി.പി.എം സമ്മേളനവേദിയില്‍, 'വരികയായി ഞങ്ങള്‍ വരികയായി.. വിപ്ലവത്തിന്‍ കാഹളം മുഴക്കാന്‍... ' എന്ന പാട്ട് പാടിയപ്പോള്‍ വേദിയിലുണ്ടായിരുന്ന എ.കെ.ജി ഓടിവന്ന് അനുമോദിച്ചത് ഫസീലയെന്ന ഗായികയുടെ ജീവിതത്തിലെ തിളക്കമാര്‍ന്ന ഒരു മുഹൂര്‍ത്തമാണ്. അഴീക്കോടന്‍ രാഘവനായിരുന്നു അന്ന് തന്നെ കൈപിടിച്ച് സ്റ്റേജിലേക്ക് കയറ്റിയതെന്ന് ഗായിക ഓര്‍ക്കുന്നു. പി.എം കാസിം എഴുതിയ 'തൊള്ളായിരത്തി ഇരുപത്തിയൊന്നില്‍ മാപ്പിളമാര്‍, വെള്ളക്കാരോടേറ്റു പട വെട്ടിയേ...' എസ്.എം കോയ പരിശീലിപ്പിച്ച ' പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്ന്, പതിവായി ഞാന്‍ ദുആ ഇരന്ന്..' , ചാന്ദ്പാഷ സംഗീതം നല്‍കിയ പിഞ്ചായ നാള്‍ തൊട്ട് എന്നീ ഗാനങ്ങളും ഈ സംഗീതജ്ഞയെ ഉയരങ്ങളിലെത്തിച്ചു. നിരവധി നാടകഗാനങ്ങളും ആലപിച്ചു.

1981 ല്‍ മാപ്പിള കലാരത്നം അവാര്‍ഡ് ഈ ഗായികയെത്തേടിയെത്തി. തിരുവനന്തപുരത്തേക്ക് അവാര്‍ഡ് വാങ്ങാന്‍ പോകുമ്പോള്‍ ടെമ്പോ വാന്‍ തൃശൂര്‍ പുഴയ്ക്കലിനടുത്ത് അപകടത്തില്‍ പെടുകയും പുരസ്‌കാരദാനച്ചടങ്ങ് മാറ്റിവെക്കുകയും ചെയ്ത സംഭവവുമുണ്ടായി.

1986 ല്‍ തൃക്കരിപ്പൂര്‍ സ്വദേശി ടി.കെ.പി മുഹമ്മദലിയെ വിവാഹം ചെയ്തു. ദുബായിലായിരുന്ന മുഹമ്മദലിയുടെ ഹൃദയത്തിലേക്ക് സംഗീതത്തോടൊപ്പം പാട്ടുകാരിയും ചേക്കേറുകയായിരുന്നു. ആ വര്‍ഷം തന്നെ വിളയില്‍ വല്‍സല, വിളയില്‍ ഫസീലയാവുകയും ചെയ്തു. വ്രതമെടുക്കലും നിസ്‌കാരവും ഖുര്‍ആന്‍ പാരായണവുമെല്ലാം എത്രയോ മുമ്പ് തന്നെ കണ്ടും കേട്ടും പഠിച്ചിരുന്നു. അയല്‍പക്കത്തെ മുസ്ലിം കൂട്ടുകാരികളുമായുള്ള സഹവാസം അതിന് വലിയ സഹായകമായി.

പാട്ടുകളിലെ അറബി ഭാഷാ ഉച്ചാരണമെല്ലാം ബാല്യത്തിലേ കൃത്യമായിരുന്നു. മതംമാറ്റം സ്വന്തം കുടുംബത്തിലെ ചില കേന്ദ്രങ്ങളില്‍ നിന്നൊക്കെ എതിര്‍പ്പുകള്‍ വരുത്തിയിരുന്നു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട വല്‍സലയുടെ മതംമാറ്റത്തെ ആദ്യം എതിര്‍ത്ത മൂത്ത സഹോദരന്‍ പിന്നീട് നിലപാട് മാറ്റുകയും പിന്തുണയ്ക്കുകയും ചെയ്തു. നാട്ടിലെ ചിലരൊക്കെ ചോദ്യം ചെയ്യാന്‍ വന്നുവെങ്കിലും വി.എം.കുട്ടിയും നാട്ടിലെ പ്രാദേശിക നേതാക്കളും തീര്‍ത്ത പ്രതിരോധത്തില്‍ അതെല്ലാം പിന്നീട് മാഞ്ഞുപോയി.

ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ്, മാപ്പിളകലാ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള വിളയില്‍ ഫസീലയെന്ന ഈ മഹാഗായികയെ കലാകേരളം വേണ്ട രീതിയില്‍ പരിഗണിച്ചിട്ടുണ്ടോ എന്ന ചോദ്യം, അവരുടെ സ്വരമാധുരി ആസ്വദിച്ചിട്ടുള്ള, അവരുടെ ശ്രോതാക്കളുടെ റെക്കോര്‍ഡ് എണ്ണം ശ്രദ്ധിച്ചിട്ടുള്ള, കാലത്തിന് കീഴടക്കാനാവാത്ത ആ ശബ്ദസ്ഥായി തിരിച്ചറിഞ്ഞിട്ടുള്ള സംഗീതപ്രേമികളുടെ മനസ്സില്‍ നിരന്തരം ഉയരാറുണ്ട്.

Latest News