ചെന്നൈ- വനിതാ ജയില്‍ തടവുകാര്‍ കൈകാര്യം ചെയ്യുന്ന പെട്രോള്‍ ഔട്ട്‌ലെറ്റ് തുറന്ന് തമിഴ്നാട് സര്‍ക്കാര്‍. ഇന്ത്യയില്‍ ആദ്യമായാണ് പെട്രോള്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ 30 വനിതാ തടവുകാരെ നിയമിക്കുന്നതെന്ന് ജയില്‍ വകുപ്പ് അറിയിച്ചു. കുറ്റവാളികളായ സ്ത്രീകളാണ് ഫ്രീഡം ഫില്ലിംഗ് സ്റ്റേഷനില്‍ തൊഴിലെടുക്കുന്നത്. ഇവിടെ തൊഴിലെടുക്കുന്ന തടവുകാര്‍ക്ക് പ്രതിമാസം 6,000 രൂപ ശമ്പളം ലഭിക്കും.
തമിഴ്‌നാട് ജയില്‍ വകുപ്പിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സംരംഭം ആരംഭിച്ചത്. പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ജയിലിന് സമീപമാണ് ഫ്രീഡം ഫില്ലിംഗ് സ്റ്റേഷന്‍ ആരംഭിച്ചത്. തടവുകാരായ സ്ത്രീകള്‍ക്ക് പുതിയ കഴിവുകള്‍ പഠിക്കാനും തൊഴില്‍ പരിചയം നേടാനും ഇത് അവസരമൊരുക്കുമെന്നും, കുറ്റവാളികളായ സ്ത്രീകളുടെ നവീകരണത്തിനും പുനരധിവാസത്തിനും സമൂഹവുമായുള്ള പുനരൈക്യത്തിനും സഹായിക്കുമെന്നുമാണ് ജയില്‍ ഡിജിപി പറഞ്ഞത്. ഇത് ജയില്‍ മോചിതരായ ശേഷം അവര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുമെന്നും ഡിജിപി പറഞ്ഞു.
പുഴല്‍, വെല്ലൂര്‍, കോയമ്പത്തൂര്‍, പാളയംകോട്ട, പുതുക്കോട്ട എന്നിവിടങ്ങളില്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് 5 പെട്രോള്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി. ജയില്‍ ബസാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനായി തമിഴ്‌നാട് ജയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി സഹകരിച്ച് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.