ന്യൂദല്‍ഹി- രാജ്യത്തെ 'വിദ്വേഷ കൊടുങ്കാറ്റില്‍' ആശങ്ക പ്രകടിപ്പിച്ച ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി മുസ്ലിംകളുടെ 'മന്‍ കി ബാത്ത്' കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ഥിച്ചു.
നൂഹ് കലാപം, ഓടുന്ന ട്രെയിനില്‍ റെയില്‍വേ പോലീസ് ജവാന്‍ നാല് പേരെ കൊലപ്പെടുത്തിയത് തുടങ്ങിയ സമീപകാല സംഭവങ്ങള്‍ ഉദ്ധരിച്ച്, പ്രധാനമന്ത്രി മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും സമൂഹത്തിലെ ബുദ്ധിജീവികളുമായി സംവാദം നടത്തണമെന്ന് ചരിത്രപ്രസിദ്ധമായ പള്ളിയില്‍ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തില്‍ അഹമ്മദ് ബുഖാരി നിര്‍ദ്ദേശിച്ചു.
'രാജ്യത്ത് നിലവിലുള്ള സാഹചര്യം കൊണ്ടാണ് ഞാന്‍ സംസാരിക്കാന്‍ നിര്‍ബന്ധിതനായത്. രാജ്യത്തെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്, വിദ്വേഷത്തിന്റെ കൊടുങ്കാറ്റ് രാജ്യത്തിന്റെ സമാധാനത്തിന് ഗുരുതരമായ അപകടമാണ് സൃഷ്ടിക്കുന്നത്,' അഹമ്മദ് ബുഖാരി പറഞ്ഞു.
'നിങ്ങള്‍ നിങ്ങളുടെ 'മന്‍ കി ബാത്ത്' പറയുന്നു, എന്നാല്‍ നിങ്ങള്‍ മുസ്‌ലിംകളുടെ 'മന്‍ കി ബാത്ത്' കേള്‍ക്കേണ്ടതുണ്ട്. നിലവിലുള്ള സാഹചര്യങ്ങള്‍ കാരണം മുസ്‌ലിംകള്‍ അസ്വസ്ഥരാണ്, അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്,' പ്രധാനമന്ത്രി മോഡിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കിബാത്ത് പരാമര്‍ശിച്ച് അഹമ്മദ് ബുഖാരി പറഞ്ഞു.
വിദ്വേഷവും വര്‍ഗീയ കലാപവും കൈകാര്യം ചെയ്യുന്നതില്‍ നിയമം ദുര്‍ബലമാണെന്ന് തെളിയിക്കുകയാണെന്ന് ജുമാ മസ്ജിദ് ഇമാം ആരോപിച്ചു.
'ഒരു വിശ്വാസത്തില്‍പ്പെട്ട ആളുകള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. മുസ്ലീങ്ങള്‍ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനവും അവരുമായുള്ള വ്യാപാരം അവസാനിപ്പിക്കുകയും ചെയ്യുന്ന പഞ്ചായത്തുകള്‍ നടക്കുന്നു. ലോകത്ത് 57 ഇസ്ലാമിക രാജ്യങ്ങളുണ്ട്, അമുസ്‌ലിംകളും താമസിക്കുന്നുണ്ടെങ്കിലും അവരുടെ ജീവിതത്തിനോ ഉപജീവനത്തിനോ ഒരു ഭീഷണിയും നേരിടുന്നില്ല- അഹമ്മദ് ബുഖാരി പറഞ്ഞു.