ഗോണ്ടിയ- അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് രണ്ടുവയസ്സുകാരിയായ പെണ്‍കടുവ ചത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലാണ് അപകടമുണ്ടായത്. നഗ്‌സിറയിലെ പെണ്‍കടുവയാണ് അപകടത്തില്‍ ചത്തതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു.
മുര്‍ദോളി വനമേഖലയില്‍ ഗോണ്ടിയ- കൊഹാമര ഹൈവേ മുറിച്ചുകടക്കുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ കാര്‍ കടുവയെ ഇടിച്ചത്. ഗോണ്ടിയ ഡിവിഷനിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് പഞ്ച്ഭായിയുടെ നേതൃത്വത്തിലുളള സംഘം കടുവയെ രക്ഷിക്കാന്‍ ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് കൊണ്ടുപോകവെ കടുവ ചാവുകയായിരുന്നു.
കടുവയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. അപകടം നടന്ന മേഖലയില്‍ കടുവകളുടെയും മറ്റ് വന്യജീവികളുടെയും സഞ്ചാരം പതിവാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.