ന്യൂദൽഹി-പടിഞ്ഞാറൻ ദൽഹിയിലെ നറൈന ഏരിയയിലെ മുനിസിപ്പൽ സ്‌കൂളിലെ ഇരുപത്തിയെട്ട് വിദ്യാർത്ഥികളെ വാതക ചോർച്ചയെ തുടർന്ന് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർക്ക് ഓക്‌സിജൻ സപ്പോർട്ട് ആവശ്യമായി വന്നതായി അധികൃതർ അറിയിച്ചു. അതേസമയം ഇവരടക്കം വിദ്യാർഥികൾ സുഖമായിരിക്കുന്നുവെന്ന് ദൽഹി മേയർ ഷെല്ലി ഒബ്‌റോയ് പറഞ്ഞു. സമീപത്തെ റെയിൽവേ ട്രാക്കുകളിലൂടെ കടന്നുപോകുകയായിരുന്ന ട്രെയിനിൽ നിന്നാണ് വാതകം ചോർന്നതെന്നാണ് സംശയിക്കുന്നതെന്ന് ആശുപത്രിയിലെത്തി രോഗികളെ സന്ദർശിച്ച ആം ആദ്മി പാർട്ടിയുടെ എം.സി.ഡി ഇൻ ചാർജ് ദുർഗേഷ് പതക് പറഞ്ഞു.
സമീപത്തെ റെയിൽവേ ട്രാക്കിലാണ് വാതക ചോർച്ചയുണ്ടായതെന്ന് ദൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) പ്രസ്താവനയിൽ പറഞ്ഞു. എന്നിരുന്നാലും, ഒരു സ്റ്റേഷനിൽ നിന്നും ഗ്യാസ് ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തങ്ങളുടെ വാഗണുകൾ ഒരിക്കലും ആരോഗ്യത്തിന് ഹാനികരമാകുന്ന വിഷവാതകം കടത്തുന്നില്ലെന്നും റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു. 19 വിദ്യാർത്ഥികളെ ആർ.എം.എൽ ആശുപത്രിയിലും ഒമ്പത് വിദ്യാർത്ഥികളെ ആചാര്യ ഭിക്ഷുക് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി എം.സി.ഡി പ്രസ്താവനയിൽ പറഞ്ഞു.