Sorry, you need to enable JavaScript to visit this website.

മെഡിക്കല്‍ കോളേജ് ലൈംഗീക പീഡനം :  നീതി ലഭിച്ചില്ലെങ്കില്‍ സമരമെന്ന് അതിജീവിത

കോഴിക്കോട് -മെഡിക്കല്‍ കോളേജ് ഐസിയുവിലെ പീഡനക്കേസില്‍  നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേരില്‍ കാണുമെന്ന് അതിജീവിത. ഗൈനക്കോളജിസ്റ്റിനെതിരെ നല്‍കിയ പരാതിയില്‍ നടപടിയൊന്നും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും അതിജീവിത പറഞ്ഞു. മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാളിനെതിരെയും ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതിക്കെതിരെയും അതിജീവിത അന്വേഷണ സമിതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും നേരില്‍കണ്ട് പരാതി നല്‍കാന്‍  ഒരുങ്ങുന്നത്. മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് അനീതിയാണ് ഉണ്ടായത്. ഗൈനക്കോളജിസ്റ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അന്നുതന്നെ മനസ്സിലായിരുന്നതായും അതിജീവിത പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിവരാവകാശം നല്‍കിയിട്ടും മറുപടി ലഭിച്ചിട്ടില്ല. മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടവരെ തെളിവെടുപ്പിനായി തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുന്നത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്നും അതിജീവിത ആരോപിച്ചു. ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ടതിനുശേഷവും അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്‍പില്‍ സമരം ആരംഭിക്കാനാണ്  തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.

Latest News