ബെംഗളുരു-മോഡി വീഴും, 2024ല്‍ ഇന്ത്യ ഭരിക്കുക വനിത പ്രധാന മന്ത്രിയെന്ന് പ്രവചനം. തുംകുരു തിപ്തൂര്‍ നൊവനിയക്കരെ ശനിക്ഷേത്രത്തിലെ ഡോ യശ്വന്ത് ഗുരുജിയാണ് പ്രവചനം നടത്തിയത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് കൂറ്റന്‍ വിജയം നേടി ഭരണത്തിലേറുമെന്ന് പ്രവചിച്ച് ശ്രദ്ധനേടിയ ആളാണ് യശ്വന്ത്. ജ്യോതിഷിയുടെ പ്രവചനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും കൂട്ടുകക്ഷി ഭരണമായിരിക്കും അധികാരത്തിലേറുകയെന്നുമാണ് യശ്വന്ത് പറയുന്നത്. നക്ഷത്രങ്ങളുടെ സ്ഥാനത്തില്‍ മാറ്റമുണ്ടാകുമെന്നും ഇതാണ് അധികാരമാറ്റത്തിന് കാരണമാകുകയെന്നും ജ്യോതിഷി പറയുന്നു. 2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ മോഡിക്ക് തന്നെ ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്നും യശ്വന്ത് പറയുന്നു. അല്ലെങ്കില്‍ ഇന്ദിരാഗാന്ധിയ്ക്ക് ശേഷം രാജ്യം മറ്റൊരു വനിത ഭരിക്കുമെന്നും യശ്വന്ത് പറയുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എ ഐ സി സി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മകളും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി എന്നിവരില്‍ ആരെങ്കിലും പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യത്തിന് ഇത് സംബന്ധിച്ച് ഫിബ്രവരിക്ക് ശേഷം മാത്രമേ പ്രവചനം നടത്താനാകൂവെന്നും യശ്വന്ത് പറയുന്നു.
2024 ലും വമ്പന്‍ ഭൂരിപക്ഷത്തില്‍ എന്‍ ഡി എ അധികാരം നിലനിര്‍ത്തുമെന്നും നരേന്ദ്ര മോഡി തന്നെ തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയാകും എന്നുമായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. രാജ്യത്തെ ജനങ്ങള്‍ തനിക്കൊപ്പം തന്നെയുണ്ടെന്നും അടുത്ത തവണയും ഞങ്ങള്‍ തന്നെ ഭരിക്കുമെന്നും പ്രധാമന്ത്രി മോഡിയും സഭയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ അധികാരത്തുടര്‍ച്ച നേടാനാകുമെന്ന മോഡിയുടെ മോഹം അസ്ഥാനത്താകുമെന്നാണ് കര്‍ണാടകയില്‍ നിന്നുള്ള ജ്യോതിഷിയുടെ പ്രവചനം.