Sorry, you need to enable JavaScript to visit this website.

റഫാല്‍ രഹസ്യം പുറത്തുവിടില്ലെന്ന് ഫ്രാന്‍സ്; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് രാഹുല്‍

ന്യൂദല്‍ഹി- ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ വിവാദ റഫാല്‍ പോര്‍ വിമാന ഇടപാട് സംബന്ധിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍ രംഗത്തെത്തി. 2008ല്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ച രഹസ്യ സൂക്ഷിപ്പു കരാറില്‍ റഫാല്‍ ഇടപാടും ഉള്‍പ്പെടുമെന്നും ഈ പോര്‍ വിമാനങ്ങല്‍ വാങ്ങുന്ന ഈ കരാറിന്റെ വിശദാംശങ്ങല്‍ വെളിപ്പെടുത്താനാവില്ലെന്നും ഫ്രഞ്ച് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. കരാറിന്റെ വിശദാംശങ്ങല്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശദീകരിക്കണമെന്ന രാഹുലിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് രാഹുലിന് മറുപടിയുമായി ഫ്രാന്‍സ് രംഗത്തെത്തിയത്. 36 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിന് 2016 സെപ്തംബര്‍ 23-ന്് ഇരു സര്‍ക്കാരുകളും ചേര്‍ന്ന് അന്തിമരൂപം നല്‍കിയ കരാര്‍ രഹസ്യ സൂക്ഷിപ്പു കരാറിന്റെ കീഴില്‍ സ്വാഭാവികമായും വരുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.  

റഫാല്‍ പോര്‍ വിമാനങ്ങളുടെ വില നിശ്ചയിക്കുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു കരാറും ഇല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവെല്‍ മക്രോണ്‍ തന്നോട് നേരിട്ട് പറഞ്ഞിരുന്നുവെന്ന് രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. മാര്‍ച്ചില്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് രാഹുല്‍ മാക്രോണിനെ കണ്ടത്. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് രാഹുല്‍ വ്യക്തമാക്കി. അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ അദ്ദേഹം തള്ളിക്കളയട്ടെ. ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഞാന്‍ മാത്രമായിരുന്നില്ല. എന്റെ കൂടെ ഡോ. മന്‍മോഹന്‍ സിങും ആനന്ദ് ശര്‍മയും ഉണ്ടായിരുന്നു-രാഹുല്‍ വ്യക്തമാക്കി. റഫാല്‍ കരാര്‍ വന്‍ അഴിമതിയാണെന്നാണ് രാഹുലിന്റെ ആരോപണം. പോര്‍ വിമാനങ്ങല്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ എത്ര തുകയാണ് മുടക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്.

126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ അന്തിമ രൂപം നല്‍കിയ കരാര്‍ പ്രകാരമുളള വിലയുടെ ഇരട്ടി വിലയിട്ടാണ് വെറും 36 വിമാനങ്ങള്‍ക്കുള്ള ബിജെപി സര്‍ക്കാര്‍ തയാറാക്കിയ കരാര്‍. ഇത് ചില വ്യവസായികള്‍ക്ക് നേട്ടമുണ്ടാക്കി കൊടുക്കാനുള്ള നീക്കമാണെന്നും രാഹുല്‍ ആരോപിക്കുന്നു. 

വില വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് നേരത്തെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതു രഹസ്യ വിവരമാണെന്നു ഉദ്യോഗസ്ഥര്‍ അവരെ ബോധ്യപ്പെടുത്തിയതോടെ വിശദാംശങ്ങള്‍ നല്‍കാന്‍ മന്ത്രിയും തയാറായില്ല. 
 

Latest News