പ്രയാഗ്‌രാജ്- ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഏപ്രിൽ 15-ന് ഗുണ്ടാ-രാഷ്ട്രീയ നേതാവ് അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും വെടിവെച്ചുകൊന്ന മൂന്ന് പ്രതികൾക്കെതിരെ സെഷൻസ് കോടതി ഓഗസ്റ്റ് 16-ന് ശേഷം കുറ്റം ചുമത്തുമെന്ന് സർക്കാർ അഭിഭാഷകൻ ഗുലാബ് ചന്ദ്ര അഗ്രി പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിലൂടെ കോടതിയിൽ ഹാജരായ പ്രതികൾ കേസിൽ സ്വന്തം അഭിഭാഷകനെ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു.
ഓഗസ്റ്റ് 16-നകം അഭിഭാഷകനെ ഏർപ്പാടാക്കിയില്ലെങ്കിൽ കോടതി നടപടികളിൽ പ്രതികളെ പ്രിതിനിധീകരിക്കാൻ സംസ്ഥാന അഭിഭാഷകനെ നൽകുമെന്ന് സെഷൻസ് ജഡ്ജി സന്തോഷ് റായ് പറഞ്ഞു. ജൂലായ് 13-ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ലവ്‌ലേഷ് തിവാരി(22),മോഹിത് സിംഗ് ഷാനി ( 23), അരുൺ മൗര്യ( 18 ) എന്നീ പ്രതികൾ ഇപ്പോൾ പ്രതാപ്ഗഢ് ജില്ലാ ജയിലിലാണ്.
കൊലക്കേസ് അന്വേഷിക്കാൻ രൂപീകരിച്ച എസ്‌ഐടി സെക്ഷൻ 302 (കൊലപാതകം), ഐപിസി, ആയുധ നിയമത്തിലെ മറ്റ് നിരവധി വകുപ്പുകൾ എന്നിവ പ്രകാരം അന്വേഷണം പൂർത്തിയാക്കിയ ശേഷം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) ദിനേഷ് കുമാർ ഗൗതം മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു.ഏപ്രിൽ 15 ന് രാത്രി 10 മണിയോടെ പ്രയാഗ്‌രാജിലെ കോൾവിൻ ഹോസ്പിറ്റലിൽ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുമ്പോഴാണ് മൂവരും ചേർന്ന് അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും വെടിവച്ചു കൊലപ്പെടുത്തിയത്.
അക്രമികൾ മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് എത്തിയിരുന്നത്. കൊലപാതകം നടന്ന ഉടൻ തന്നെ വെടിവെച്ചവർ കീഴടങ്ങിയിരുന്നു.