തിരുവനന്തപുരം-ഒരു കോടി ലോട്ടറി സമ്മാനം ലഭിച്ചപ്പോള്‍ ജീവന് അപകടം പിണയുമോയെന്ന് ആശങ്കയിലായ മറുനാടന്‍ തൊഴിലാളി കേരള പോലീസ് സഹായത്തോടെ വിമാനത്തില്‍ നാട്ടിലെത്തി. തനിക്ക് ലോട്ടറിയടിച്ചപ്പോള്‍ സംരക്ഷണത്തിനായി തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചതാണ് അന്യസംസ്ഥാന തൊഴിലാളി ബിര്‍ഷു റാബ. തമ്പാനൂര്‍ പോലീസ് ഇടപെട്ടാണ് വിമാനത്തില്‍ നാട്ടിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. ലോട്ടറിയടിച്ച പണത്തില്‍ നിന്നാണ് വിമാന ടിക്കറ്റ് എടുത്തത്. ലുലു മാളിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നാണ് ബിര്‍ഷുവിന് പോലീസ് പുതിയ അക്കൗണ്ടെടുത്ത് നല്‍കിയത്. ഇടപാടുകള്‍ക്കായി ഡെബിറ്റ് കാര്‍ഡും ചെക്ക് ബുക്കും നല്‍കി. ബുധനാഴ്ചയാണ് നികുതി കഴിച്ചുള്ള പണം ലഭിച്ചത്. 'സുരക്ഷിതമായി നാട്ടിലെത്തി സര്‍..ഞാനും ബന്ധുക്കളും ഹാപ്പിയാണ്..' തിരുവനന്തപുരത്തു നിന്ന് വിമാനത്തില്‍ പശ്ചിമബംഗാളിലേക്ക് മടങ്ങിയ ശേഷം തമ്പാനൂര്‍ സി.ഐ പ്രകാശിനെ വിളിച്ച് നന്ദി പറഞ്ഞു. ബിര്‍ഷു. മടങ്ങിയപ്പോള്‍ ബിര്‍ഷുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 66 ലക്ഷവും ഉണ്ടായിരുന്നു. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് അടിച്ചത്. തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരനില്‍ നിന്നാണ് ജൂണ്‍ അവസാനം ടിക്കറ്റെടുത്തത്. വീട്ടിലെത്തിയതോടെ സര്‍ക്കാരിനും തമ്പാനൂര്‍ പോലീസിനും നന്ദി അറിയിച്ചുള്ള വീഡിയോയും തമ്പാനൂര്‍ സി.ഐക്ക് ബിര്‍ഷു അയച്ചുകൊടുത്തു.