ന്യൂദല്‍ഹി - മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളളെ ചൂണ്ടിക്കാട്ടി ഭരണപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശം അഴിച്ചുവിട്ട പ്രതിപക്ഷത്തിന് ജയലളിതയുടെ പേരില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ മറുപടി. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായിരുന്ന ജയലളിതയുടെ അനുഭവം പറഞ്ഞുകൊണ്ടായിരുന്നു പാര്‍ലമെന്റില്‍ നിര്‍മ്മല സീതാരാമന്‍ തിരിച്ചടിച്ചത്. അവിശ്വാസ പ്രമേയത്തിനിടെ ഡി എം കെ നേതാവ് കനിമൊഴിയുടെ പരാമര്‍ശത്തിനായിരുന്നു ധനമന്ത്രിയുടെ മറുപടി. 1989 മാര്‍ച്ച് 25ന് തമിഴ്‌നാട് നിയമസഭയില്‍ ജയലളിതയുടെ സാരി വലിച്ചിഴച്ചപ്പോള്‍ ഡി എം കെ അംഗങ്ങള്‍ പരിഹസിക്കുകയാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ഡി എം കെ ജയലളിതയെ മറന്നോയെന്നും അവര്‍ ചോദിച്ചു. സ്ത്രീകളെ കുറിച്ചും, സ്ത്രീകളെ അപമാനിക്കുന്നതിനെക്കുറിച്ചും, നഗ്‌നരാക്കുന്നതിനെ കുറിച്ചുമൊക്കെയുള്ള അതിക്രമങ്ങളെ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. സ്ത്രീ എവിടെ ദുരിതം അനുഭവിച്ചാലും അത് മണിപ്പൂരോ ഡല്‍ഹിയോ രാജസ്ഥാനോ ആകട്ടെ നമ്മള്‍ അത് ഗൗരവതരമായി എടുക്കണം. അതില്‍ രാഷ്ട്രീയം കളിക്കരുതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.