കൊച്ചി- എ.ടി.എമ്മില്‍ പണം എടുക്കാന്‍ വരുന്നവരെ സഹായിക്കാനെന്ന വ്യാജേന പണം തട്ടിയെടുക്കുന്ന പ്രതിയെ എറണാകുളം സെന്‍ട്രല്‍ പോലിസ് പിടികൂടി. ചേര്‍ത്തല അരൂക്കുറ്റി തെക്കേ തങ്കേരി വീട്ടില്‍ നജീബ്(35) ആണ് അറസ്റ്റിലായത്.
എടിഎമ്മില്‍ പണം എടുക്കാന്‍ വരുന്നവ പ്രായമുള്ളവരും സ്ത്രീകളുമാണ് ഇയാളുടെ തട്ടിപ്പിനിരയായത്. അവര്‍ എടിഎമ്മില്‍ കയറുന്ന സമയം നോക്കി ഇയാളും എടിഎമ്മില്‍ കയറുകയും അവര്‍ പണം എടുക്കാന്‍ ബുദ്ധിമുട്ട് കാണിക്കുമ്പോള്‍ ഇയാള്‍ അവരെ സമീപിക്കുകയും അവരുടെ എടിഎം കാര്‍ഡ് മേടിച്ച് പണം എടുത്ത് കൊടുക്കുകയും ചെയ്യും. എന്നാല്‍ അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ എ ടി എം കാര്‍ഡ് നല്‍കാതെ ഇയാള്‍ നേരത്തെ കൈയ്യില്‍ കരുതിയിരുന്ന മറ്റൊരു എടിഎം കാര്‍ഡാണ് കൊടുത്തു വിടുക.. പിന്നീട് പ്രതി അടുത്ത എടിഎമ്മില്‍ പോയി നേരത്തെ കൈക്കലാക്കിയ എടിഎം കാര്‍ഡില്‍ നിന്നും പണം പിന്‍വലിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. അക്കൗണ്ടില്‍ കൂടുതല്‍ പണം ഉണ്ടെങ്കില്‍ രാത്രി 11.58 മണിക്ക് ആ ദിവസത്തെ കൂടുതല്‍ തുകയും 12 മണിക്ക് ശേഷം പിറ്റേ ദിവസത്തെ തുകയും പിന്‍വലിക്കും. തട്ടിപ്പിനു ശേഷം കിട്ടിയ പണം ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴി പ്രതിയുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു ഇയാളുടെ രീതി. ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴി പണം അയ്ക്കാന്‍ വരുന്നവരുടെ അടുത്ത് ചെന്ന് അവരെ സഹായിച്ച് പണം സിഡിഎംഐ മിഷനില്‍ ഇട്ടതിനുശേഷം അവസാനം കണ്‍ഫോം എന്ന് പ്രസ് ചെയ്യുന്നതിന് പകരം ക്യാന്‍സല്‍ എന്ന് പ്രസ് ചെയ്ത് പണം അയക്കാന്‍ വരുന്നവരോട് പണം അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു അവര്‍ പോയതിന് ശേഷം മെഷീന്‍ തുറന്നു പണമെടുത്തും പ്രതി തട്ടിപ്പ് നടത്തിയിരുന്നു.
ഇത്തരത്തില്‍ പ്രതി നൂറുകണക്കിന് ആളുകളുടെ കൈയ്യില്‍ നിന്നും പണം തട്ടിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇയാളുടെ കൈയ്യില്‍ നിന്നും മുപ്പതോളം എടിഎം കാര്‍ഡുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.