ന്യൂദൽഹി-മണിപ്പൂരിനെക്കുരിച്ച് കാര്യമായൊന്നും പറയാതെ അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മറുപടി പ്രസംഗം. മണിപ്പൂരിനെക്കുറിച്ച് ഏതാനും വാക്കുകൾ മാത്രമാണ് മോഡി പറഞ്ഞത്. ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം ലോക്സഭയിലെ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ഇതോടെ ഇതിന് പിന്നാലെ ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം തള്ളി. വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ് രാജ്യമുള്ളതെന്ന് മോഡി പ്രസംഗത്തിനിടെ പറഞ്ഞു. രാജ്യവും പാർലമെന്റും നിങ്ങൾക്കൊപ്പമുണ്ടെന്നാണ് തനിക്ക് മണിപ്പൂരിലെ സഹോദരിമാരോടും അമ്മമാരോടും പറയാനുള്ളത്. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഉറപ്പുനൽകി. മണിപ്പൂർ വീണ്ടും വികസനത്തിന്റെ പാതയിലേക്ക് തിരിച്ചുവരും. കുറ്റം ചെയ്തവരെയാരെയും വെറുതെ വിടില്ല. മണിപ്പൂരിൽ സ്ത്രീകൾക്കെതിരേ നീചമായ അപരാധങ്ങളുണ്ടായി. അത് പൊറുക്കാനാവില്ല. തുടർച്ചയായി ഭരിച്ച കോൺഗ്രസ്സ് സർക്കാറുകൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അങ്ങേയറ്റം അസ്ഥിരമാക്കിയെന്നും മോഡി ആരോപിച്ചു. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ പങ്കെടുത്തവരെ ശിക്ഷിക്കാൻ കേന്ദ്രം പരിശ്രമിക്കകയാണ്. മണിപ്പൂർ വിഷയത്തെപ്പറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചിട്ടുണ്ടെന്നും മോഡി പറഞ്ഞു. മോഡിയുടെ പ്രസംഗത്തിന്റെ ഭൂരിപക്ഷ സമയവും പ്രതിപക്ഷ കക്ഷികളേയും കോൺഗ്രസ്സിനേയും പരിഹസിക്കാനാണ് ഉപയോഗിച്ചത്. രാജ്യത്തെ ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസമില്ല. ധാർഷ്ട്യം കാരണം അവർക്ക് യാഥാർഥ്യം കാണാൻ കഴിയുന്നില്ലെന്നും മോഡി പറഞ്ഞു. തമിഴ്‌നാട്ടിൽ അവർ 1962 ൽ വിജയിച്ചു, 1962 മുതൽ തമിഴ്‌നാട്ടിലെ ജനങ്ങൾ കോൺഗ്രസ് വേണ്ട. പശ്ചിമ ബംഗാളിൽ 1972-ൽ അവർ വിജയിച്ചു. പശ്ചിമ ബംഗാളിലെ ജനങ്ങൾക്കും കോൺഗ്രസ്സിനെ വേണ്ട. യുപിയിലും ബിഹാറിലും ഗുജറാത്തിലും അവർ 1985 ൽ വിജയിച്ചു, ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഇപ്പോൾ 'കോൺഗ്രസ് വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുലിന്റെ ഭാരത മാതാവ് പരാമർശം പ്രതിപക്ഷത്തിന്റെ നിരാശയിൽനിന്നു വന്നതാണ്. ഈ പരാമർശം ജനങ്ങളെ വേദനിപ്പിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്കു സർക്കാരിൽ പൂർണവിശ്വാസമാണ്. പ്രതിപക്ഷത്തിനു രാജ്യത്തേക്കാൾ വലുത് പാർട്ടിയാണ്. പ്രമേയം അവതരിപ്പിക്കാൻ പഠിച്ച് തയാറെടുത്തു വന്നുകൂടെ? ഗൃഹപാഠം പോലും നടത്താതെയാണു പ്രതിപക്ഷം വന്നത്. അഴിമതിപ്പാർട്ടികൾ ഇപ്പോൾ ഒന്നായിരിക്കുന്നു. കേരളത്തിലെ എം.പിമാർ ഫിഷറീസ് ബില്ലിനെ പരിഗണിച്ചില്ല. അവർക്കു രാഷ്ട്രീയമാണു വലുതെന്നും മോഡി പറഞ്ഞു. പ്രസംഗത്തിനിടയിലെല്ലാം മണിപ്പൂരിനെക്കുറിച്ച് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മോഡി പരിഗണിച്ചില്ല. ഇതോടെ മണിപ്പൂർ മണിപ്പൂരെന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. മോഡി മോഡിയെന്ന് ഭരണപക്ഷവും വിളിച്ചു. ഇതോടെ ഇന്ത്യയെന്നും മണിപ്പൂരെന്നും മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷവും തിരിച്ചടിച്ചു. പ്രതിപക്ഷം ഇറങ്ങിപ്പോയതിന് ശേഷമാണ് മോഡി മണിപ്പൂർ എന്ന വാക്കുപോലും പ്രസംഗത്തിൽ ഉൾപ്പെടുത്താൻ തയ്യാറായത്.