Sorry, you need to enable JavaScript to visit this website.

ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതിയില്‍ നിയമിക്കണമെന്ന് വീണ്ടും കൊളീജിയം

ന്യൂദല്‍ഹി- ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന് സുപ്രീം കോടതി കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു. കൊളീജിയത്തിന്റെ മുന്‍ ശുപാര്‍ശ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. ജസ്റ്റിസ് ജോസഫിനെ കൂടാതെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത്ത സരണ്‍ എന്നിവരേയും സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തു.

പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഗുജറാത്ത് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം.ആര്‍ ഷായെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തു. നേരത്തെ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തിരുന്ന കല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് അനിരുദ്ധ് ബോസിനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ബോസിനെ ദല്‍ഹി ഹൈക്കോടതിയില്‍ നിയമിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

ജസ്റ്റീസ് ജോസഫിന്റെ സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റം നേരത്തെ എതിര്‍ത്ത സര്‍ക്കാരിന് പുതിയ കൊളീജിയം ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ നിയമിക്കല്‍ ബാധ്യതയായിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഇതെ കൊളീജിയം തന്നെയാണ് ജസ്റ്റിസ് ജോസഫിനെ ജനുവരിയില്‍ സുപ്രിം കോടതിയില്‍ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. നിലവിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരില്‍ എല്ലാ നിലയ്ക്കും സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ അര്‍ഹതയും യോഗ്യതയുമുള്ള ആള്‍ ജസ്റ്റിസ് ജോസഫ് മാത്രമാണെന്ന് നേരത്തെ കൊളീജിയം വ്യക്തമാക്കിയിരുന്നു.
 

Latest News