ന്യൂദൽഹി- വീണ്ടും അധികാരത്തിൽ വരാൻ പ്രതിപക്ഷത്തിന് അഞ്ചുവർഷം നൽകിയെന്നും എന്നാൽ ഇതിന് വേണ്ടി അവർ ഒരുങ്ങിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. എല്ലാ എംപിമാരുടെയും അഭിപ്രായം ഞാൻ കേട്ടു. ഇന്ത്യ വീണ്ടും വീണ്ടും ബി.ജെ.പി സർക്കാറിൽ വിശ്വാസം അർപ്പിച്ചു. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി ഞാൻ കാണുന്നു. 2018ലും അത് സംഭവിച്ചു. അപ്പോഴും ഞാൻ പറഞ്ഞിരുന്നു, ഈ പ്രമേയം നമ്മുടെ സർക്കാരിന്റെ ഫ്‌ലോർ ടെസ്റ്റല്ല, മറിച്ച് അവരുടേതാണ്.
വോട്ടെടുപ്പ് നടന്നപ്പോൾ അവർ പരാജയപ്പെട്ടു. ഞങ്ങൾ പൊതുസമൂഹത്തിലേക്ക് പോയപ്പോൾ ജനങ്ങൾ അവരിൽ അവിശ്വാസം പ്രഖ്യാപിച്ചു. എൻ.ഡി.എയ്ക്കും ബി.ജെ.പിക്കും കൂടുതൽ വോട്ട് ലഭിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നമുക്ക് ഭാഗ്യമാണ്. എൻ.ഡി.എയും (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) ബി.ജെ.പിയും വൻ ജനവിധിയോടെ തിരിച്ചുവരും.
പ്രതിപക്ഷത്തിന് പാവപ്പെട്ടവന്റെ വിശപ്പിനെക്കുറിച്ചല്ല അവരുടെ അധികാരത്തെക്കുറിച്ചോർത്താണ് വിഷമം. നിങ്ങൾ യുവാക്കളുടെ ഭാവിയെക്കുറിച്ചല്ല, നിങ്ങളുടെ ഭാവിയെക്കുറിച്ചു മാത്രമാണ് ആശങ്കപ്പെടുന്നത്. എതിരാളികൾ ഫീൽഡിംഗ് ഒരുക്കിയെങ്കിലും ബൗണ്ടറികളും സിക്സറുകളും ഇവിടെ നിന്ന് പറന്നു. ഞങ്ങൾ സെഞ്ചുറികൾ അടിച്ചുകൊണ്ടേയിരുന്നു, അവർ നോ ബോളുകൾ എറിഞ്ഞുകൊണ്ടേയിരുന്നു. വീണ്ടും അധികാരത്തിൽ വരാൻ ഞാൻ നിങ്ങൾക്ക് അഞ്ച് വർഷം നൽകി. നിങ്ങൾ എന്താണ് അതിന് വേണ്ടി തയ്യാറാകാതിരുന്നതെന്നും മോഡി ചോദിച്ചു.